കൊല്ലം: മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയ്ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് പകരുന്നത്. വീടിന്റെ ഉള്ളില്‍ പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ഡീഫ്രോസ്റ്റ് ട്രേ, സണ്‍ഷേയ്ഡ്, മേല്‍ക്കൂര, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകള്‍, കൂളറുകള്‍, മേയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, അലങ്കാര ചെടികള്‍ വച്ചിരിക്കുന്ന പാത്രം തുടങ്ങിയവയില്‍ കെട്ടി നില്ക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം.
എലിപ്പനി എലികള്‍, മറ്റു മൃഗങ്ങള്‍ എന്നിവയുടെ മൂത്രത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് പകരുന്നത്. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങയിവര്‍ മുന്‍കരുതലായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യമായി ലഭിക്കുന്ന ഡോക്സി സൈക്ലിന്‍ ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം.
വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നിവയെ പ്രതിരോധിക്കുന്നതിന് ശുചിത്വം കര്‍ശനമായി പാലിക്കണം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകള്‍ കഴുകുന്നത് വയറിളക്ക രോഗങ്ങളുടെ വ്യാപനതോത് കുറയ്ക്കും. ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ച ശേഷവും സോപ്പുപയോഗിച്ചു കഴുകണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണര്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഹോട്ടലുകളിലും സോഡ നിര്‍മാണ യൂണിറ്റുകളിലും ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണം. പാല്, ഐസ്ക്രീം എന്നിവ വയ്ക്കുന്ന ഫ്രീസറില്‍ പച്ച മാംസം/മത്സ്യം എന്നിവ വയ്ക്കരുത്.
സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. ജീവിതശൈലി രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പേവിഷബാധയ്ക്കുള്ള ഐഡിആര്‍വി, ഒആര്‍എസ്, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയും മറ്റ് അവശ്യ മരുന്നുകളും ജില്ലയില്‍ ആവശ്യത്തിന് ലഭ്യമാണെന്നും വ്യക്തമാക്കി.