കാഞ്ഞങ്ങാട്: വിളകളുടെ ഉത്പാദനക്ഷമത മണ്ണിന്റെ ആരോഗ്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ മണ്ണിനും ചെക്കപ്പ് വേണമെന്ന നിർദേശവുമായി പടന്നക്കാട് കാർഷിക കോളജ്. മണ്ണിന്റെ ഗുണമറിഞ്ഞ് കൃഷിയിരീതികൾ ക്രമീകരിക്കാൻ ശാസ്ത്രീയമായ മണ്ണുപരിശോധന അത്യാവശ്യമാണെന്ന് അധികൃതർ നിർദേശിക്കുന്നു.
കൃഷിയിടത്തെ മുഴുവനായി പ്രതിനിധീകരിക്കും വിധം മണ്ണ് സാന്പിൾ എടുക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. ഇതിനായി കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണെടുത്ത് ഒരുമിച്ചുകലർത്തി ഒറ്റ സാന്പിൾ ആക്കണം. അടുത്തിടെ വളപ്രയോഗം നടത്തിയ സ്ഥലങ്ങൾ, ചതുപ്പുനിലം, മഴ പെയ്ത് കുതിർന്ന സ്ഥലങ്ങൾ, വൃക്ഷങ്ങളുടെയോ വിളകളുടെയോ ചുവടുകൾ, കന്പോസ്റ്റ് കുഴി, വളക്കുഴി എന്നിവിടങ്ങളിൽ നിന്ന് സാന്പിൾ ശേഖരിക്കാതെ നോക്കണം. ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് പത്തുമുതൽ 15 വരെ സാന്പിളുകൾ ശേഖരിക്കാം.
സാന്പിൾ എടുക്കുന്ന സ്ഥലത്ത് നിന്ന് കല്ലും ചവറും നീക്കുകയാണ് ആദ്യഘട്ടം. ഇവിടെ നിന്ന് മൺവെട്ടിയിൽ വി ആകൃതിയിൽ മണ്ണ് വെട്ടി മാറ്റണം. നെല്ല്, പച്ചക്കറി എന്നിവയ്ക്ക് 15 സെന്റിമീറ്റർ താഴ്ചയിൽ മണ്ണ് വെട്ടിമാറ്റിയാൽ മതിയാകും. എന്നാൽ തെങ്ങോ ആഴത്തിൽ വേരിറങ്ങിയ മരങ്ങളോ ആണെങ്കിൽ 30 മുതൽ 60 സെന്റിമീറ്റർ വരെ ആഴത്തിൽ നിന്നാണ് മണ്ണെടുക്കേണ്ടത്. വെട്ടിമാറ്റിയ കുഴിയുടെ ഇരുവശങ്ങളിലും നിന്ന് മുകളറ്റം മുതൽ താഴെ വരെ രണ്ടു സെന്റിമീറ്റർ കനത്തിൽ വശങ്ങളിൽ നിന്ന് മണ്ണ് മുറിച്ചെടുക്കണം. ശേഖരിച്ച മണ്ണ് പോളിത്തീൻ ഷീറ്റിൽ നിരത്തി കല്ലും വേരുകളും നീക്കം ചെയ്തശേഷം നന്നായി യോജിപ്പിച്ച് സമചതുരാകൃതിയിൽ നിരത്തുക. ഇതിനെ നാലായി ഭാഗിച്ച് കോണോടുകോൺ ചേർന്ന ഭാഗത്തെ മണ്ണ് നീക്കുക. ശേഷിക്കുന്ന മണ്ണ് വീണ്ടും കൂട്ടിയോജിപ്പിച്ച് നാലുഭാഗങ്ങളാക്കി വീണ്ടും രണ്ടു ഭാഗങ്ങൾ നീക്കം ചെയ്യുക. അളവ് അരക്കിലോ ആകുന്നതുവരെ ഇതു തുടരുക. ഇത് തണലിൽ ഉണക്കി പോളിത്തീൻ കവറിലാക്കുക. സാന്പിളിന് ഒപ്പം കർഷകന്റെ പേര്, മേൽവിലാസം, കൃഷി ചെയ്യുന്ന വിള, സ്ഥലവിസ്തീർണം, സർവേ നന്പർ, ജിപിഎസ് വിവരങ്ങൾ, മുന്പ് വളം ചെയ്തതിന്റെ വിവരങ്ങൾ, സാന്പിൾ ശേഖരിച്ച ദിവസം തുടങ്ങിയ വിവരങ്ങൾ എഴുതി നൽകണം.
കൃഷിവകുപ്പിന്റെ മണ്ണുപരിശോധന ലാബ് കാസർഗോഡ് കറന്തക്കാടാണ് സ്ഥിതിചെയ്യുന്നത്. കാർഷികസർവകലാശാലയ്ക്ക് കീഴിലും പരിശോധന ലാബുണ്ട്. കൃഷിഭവൻ മുഖേന സൗജന്യമായി പരിശോധനയ്ക്ക് അയക്കാവുന്നതാണ്. നേരിട്ട് ലാബിൽ നൽകുകയാണെങ്കിൽ നിശ്ചിത ഫീസ് അടയ്ക്കണം. പരിശോധനയ്ക്കുശേഷം സോയിൽ ഹെൽത്ത് കാർഡ് ലഭിക്കും. ഇതിൽ പരിശോധനഫലത്തോടൊപ്പം വിവിധ വിളകൾ കൃഷിചെയ്യുന്നതിനാവശ്യമായ രാസവളം, കുമ്മായം, സൂക്ഷ്മമൂലകങ്ങൾ എന്നിവ ചേർക്കുന്നതിനുള്ള ശുപാർശയുമുണ്ടാകും.