എസ്ഐക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം: കോണ്‍ഗ്രസ്
1460992
Monday, October 14, 2024 7:21 AM IST
കാസര്‍ഗോഡ്: പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ നാലു ദിവസം കഴിഞ്ഞിട്ടും വിട്ടുകിട്ടാത്തതില്‍ മനംനൊന്ത് കാസര്‍ഗോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഹക്കിം അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഐ പി. അനൂപിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ആവശ്യപ്പെട്ടു
ഒരു സസ്പെന്ഷന് കൊണ്ട് മറച്ചുവെക്കാനുള്ള കുറ്റമല്ല എസ്ഐയില് നിന്നുമുണ്ടായത് .പോലീസ് ഉദ്യോഗസ്ഥന്റെ പിടിവാശികൊണ്ടുണ്ടായ ഗുരുതര വീഴ്ച ഒരു തൊഴിലാളിയുടെ ആത്മഹത്യയിലാണ് എത്തിയത്.
സാമ്പത്തികവും സാമൂഹികവുമായ അനവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന തൊഴിലാളികളോട് പോലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സഹാനുഭൂതിയോടെ പെരുമാറേണ്ടതാണ്. പക്ഷേ കേരളത്തിലെ ഇന്നത്തെ സാഹചര്യം അതിദയനീയമാണ്. യഥാര്‍ത്ഥത്തില്‍ ഈ ദാരുണ സംഭവത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും അവരുടെ ചൊല്പടിക്കാരായ ഉദ്യോഗസ്ഥരുമാണ്.
മോന്തായം വളഞ്ഞാല്‍ അറുപതിനാലും വളഞ്ഞിരിക്കുമെന്ന് പറയുന്നതുപോലെ ഉന്നതരായ പോലീസ് മേധാവികള്‍ എന്തുചെയ്താലും അതിനു കൂട്ടുനില്‍ക്കുന്ന ഭരണകര്ത്താക്കളുള്ളപ്പോള് ജനങ്ങളോട് കുതിരകയറുന്ന താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ആളില്ലാതെപോയതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
സത്താറിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടു.