ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയപറമ്പ പഞ്ചായത്തിന് അന്താരാഷ്ട്ര അംഗീകാരം
1460768
Saturday, October 12, 2024 5:34 AM IST
വലിയപറമ്പ: ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുന്‍നിര്‍ത്തി വലിയപറമ്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. 14 മുതല്‍ 18 വരെ ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് അംഗീകാരം എറ്റുവാങ്ങും.
സമ്മേളനത്തോടനുബന്ധിച്ച് എഷ്യന്‍ ഡിസാസ്റ്റര്‍ റിഡക്ഷന്‍ ആന്‍ഡ് റെസ്പോണ്‍സ് നെറ്റ് വര്‍ക്ക് എന്ന അന്താരാഷ്ട്ര സംഘടന, പ്രാദേശിക തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമായി നടത്തിയ മത്സരത്തിലാണ് വലിയപറമ്പ ഈ അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്തില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന നേതൃപരമായ പങ്കിനുള്ള അംഗീകാരമായി വി.വി. സജീവന് ദുരന്ത നിവാരണ വിഭാഗങ്ങളിലെ ലോക്കല്‍ ചാമ്പ്യന്‍ പട്ടം നല്കി ആദരിക്കും. ജില്ലാ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ മുന്‍ ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ദുരന്തനിവാരണ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് ഷഫീഖ് എന്നിവരാണ് ഈ മത്സരത്തിലേക്ക് സജീവന്റെ പേര് നാമനിര്‍ദേശം ചെയ്തത്.
കടലിനാലും കായലിനാലും ചുറ്റപ്പെട്ട ഒരു തീരദേശ സമൂഹം അവരുടെ അതിജീവനത്തിനായി ഒരേ മനസോടെ സുസ്ഥിരതയില്‍ ഊന്നി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിനായി ജൂറി പരിഗണിച്ചത്. തീരശോഷണം തടയുന്നതിനായി കടല്‍ത്തീരത്തിനൊരു ഹരിതകവചം എന്ന പേരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ സ്വന്തം നഴ്സറിയില്‍ തയാറാക്കിയ 75,000 കാറ്റാടി തൈകള്‍ കടല്‍ത്തീര മേഖലയില്‍ വെച്ച് പിടിപ്പിച്ചു.
കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്‍തിട്ടയുണ്ടാക്കി വസ്ത്രം വിരിച്ച് അടമ്പാന് വള്ളി നട്ടുള്ള ഹരിത കവചം ഒരുക്കാന്‍ തീരുമാനിച്ചത്.
ദ്രവ മാലിന്യ സംസ്ക്കരണത്തിന് മാതൃകയായി മുഴുവന്‍ വീടുകളിലും പഞ്ചായത്ത് മുന്‍കൈ എടുത്ത് സോക്പിറ്റ് നിര്‍മിച്ചു. ഉപ്പുവെള്ളം കയറി കൃഷി നശിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ബണ്ട് കെട്ടിയും കുളങ്ങളുടേയും തോടുകളുടേയും സംരക്ഷണ ഭിത്തി കയര്‍ ഭൂവസ്ത്രം വിരിച്ചു സുരക്ഷിതമാക്കി.
കുടിവെള്ളം ശുദ്ധീകരിക്കാനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി മാടക്കാല്‍ പ്രദേശത്ത് കണ്ടലോരം പദ്ധതി നടപ്പിലാക്കി. കണ്ടല്‍കാടുകളെ കുറിച്ച് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ ഇതുവഴി സാധിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുനെസ്കോ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയിലേക്കും വലിയപറമ്പ പഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏത് അടിയന്തിര സാഹചരൃത്തിലും ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രാദേശികമായി ഒരു ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്തിന് സാധിച്ചു എന്നതാണ് അംഗീകാരത്തിന് തെരഞ്ഞെടുത്തത്. എഷ്യാ പസഫിക് മേഖലയില്‍ നിന്നും നാലു പേരാണ് ഈ ബഹുമതിക്ക് അര്‍ഹരായിട്ടുള്ളത്.
ഫിലിപ്പൈന്‍സില്‍ നിന്നും മരിയ ഫെ മാരവില്ലാസ്, സെനിത്ത് ബല്ലേര്ട്ട, ഇന്തോനേഷ്യയില്‍ നിന്നുള്ള യുസ്റ്റീന വാര്ഡാനി എന്നിവരാണ് മറ്റു മൂന്നുപേര്‍.