ഡോക്ടര്‍ക്കെതിരെ നടക്കുന്നത് വ്യാജപ്രാചരണം: ഐഎംഎ
1460611
Friday, October 11, 2024 7:28 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ സീനിയര്‍ സര്ജന് ഡോ. പി. വിനോദ് കുമാറിനെതിരെ ചില തല്പരകക്ഷികള് നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ പ്രതിഷേധിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കാഞ്ഞങ്ങാട് ഘടകം. ഏതൊരു ശസ്ത്രക്രിയയുടേയും ഭാഗമായി സ്വാഭാവികമായി ചിലപ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതകളെ പെരുപ്പിച്ച് കാണിച്ച് ഡോക്ടര്‍മാരെ അവഹേളിക്കാനും അപമാനിക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നത്.
യഥാസമയം തന്നെ ഇടപെട്ടുകൊണ്ട് എല്ലാവിധ ചികിത്സാ സഹായവും ഒരുക്കിക്കൊടുക്കുകയും പ്രസ്തുത രോഗിക്ക് കാര്യമായ ഒരു ആരോഗ്യപ്രശ്നവുമില്ലാതെ തന്നെ ഏറ്റവും അടുത്ത ഒരു ത്രിതല ചികിത്സാകേന്ദ്രത്തില്‍ തന്നെ ചികിത്സിക്കുകയും ആരോഗ്യവാനായിത്തന്നെ കുട്ടിയുടെ ചികിത്സ പൂര്‍ത്തിയാക്കുവാനും സാധിച്ചിട്ടുണ്ട്.
ഏതൊരു പരാതിയും അന്വേഷിക്കാനും നടപടി എടുക്കാനും വ്യവസ്ഥാപിത മാര്‍ഗങ്ങളും നിയമസംവിധാനങ്ങളും നിലനില്‍ക്കെ മാധ്യമങ്ങളെ ഉപയോഗിച്ച് വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കുന്നതും കരിവാരി തേയ്ക്കുന്നതും അപലപനീയമാണ്. ഇത്തരം നടപടികള്‍ പരിഷ്കൃത സമൂഹത്തിന് നിരക്കുന്നതല്ല. ഏതൊരു ചികിത്സക്കും അപകടസാധ്യതയുണ്ടെന്നത് ഏവരും അറിയേണ്ട കാര്യമാണ്.
ഇത് മനസിലാക്കിക്കൊണ്ട് തന്നെയാണ് രോഗിയും, ബന്ധുക്കളും ഓപ്പറേഷന് സമ്മതപത്രം നല്‍കുന്നതും. ഡോക്ടടറുടെ നിയന്ത്രണത്തിലല്ലാതെ ആകസ്മികമായി സംഭവിക്കുന്ന സങ്കീര്‍ണതകളെ യഥാസമയം ചികിത്സിക്കുക എന്നതാണ് വൈദ്യശാസ്ത്ര വിഭാഗം എവിടേയും എടുക്കുന്ന നടപടികള്‍. ആയിരക്കണത്തിന് സര്‍ജറികള്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചും ചെയ്തു വരുന്ന ഒരു സ്ഥാപനത്തിന്റെയും ഡോക്ടറുടേയും നേരെ നടത്തുന്ന ഈ കടന്നാക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസിഡന്റ് ഡോ.വി. സുരേശന്, സെക്രട്ടറി ഡോ.കെ. ജോണ്‍ ജോണ്‍, ജില്ലാ ചെയര്‍പേഴ്സണ്‍ ഡോ. ദീപിക കിഷോര്‍, ഡോ. ടി.വി. പത്മനാഭന് എന്നിവര്‍ അറിയിച്ചു.