മാലിന്യമുക്തം നവകേരളം കാമ്പയിൻ : വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലേയും ഇ-മാലിന്യം ശേഖരിക്കും
1459335
Sunday, October 6, 2024 6:55 AM IST
കാസര്‍ഗോഡ്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഹരിത ഓഫീസുകളും ഹരിത വിദ്യാലയങ്ങളുമായി ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും ക്രമീകരിക്കും. ജൈവ, അജൈവ, ദ്രവമാലിന്യ സംസ്കരണത്തോടൊപ്പം ഏറെ പ്രധാനപ്പെട്ടതാണ് നിലവിലുള്ള ഇ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതും. ഹരിതകര്‍മസേന ടീം പ്ലാസ്റ്റിക്കുകള്‍ക്കു പുറമെ ഇത്തരം ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂടി കലണ്ടര്‍ പ്രകാരം ശേഖരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ലഭ്യമായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഇ-മാലിന്യം കൈമാറുന്നതിന് ഉത്തരവുകള്‍ മുഖേന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും എല്ലാ വിദ്യാലയങ്ങളില്‍ നിന്നും, ഓഫീസുകളില്‍ നിന്നും കൈമാറികഴിഞ്ഞിട്ടില്ല. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ജില്ലാ നിര്‍വഹണ സമിതി വിപുലമായ തോതില്‍ ഇ-വേസ്റ്റ് ശേഖരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ക്ലീന്‍ കേരള കമ്പനി മുഖേനയാണ് കൈമാറ്റം നടത്തുന്നത്. കാമ്പയിന് ഉപസമിതി ചേര്‍ന്ന് കര്‍മപരിപാടികള്‍ തയാറാക്കി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നിലവിലുള്ള പൂര്‍ണമായും ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ 10നകം പട്ടികപ്പെടുത്തി ഹരിതകേരളം മിഷന് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.
ഒക്ടോബറില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഇ-വേസ്റ്റ് ക്ലീന്‍ കേരള കമ്പനി ശേഖരിക്കും. വിദ്യാലയങ്ങളില്‍ ഉപയോഗശൂന്യമായിട്ടുള്ള ഇ വേസ്റ്റുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് സ്കൂള്‍തല കമ്മറ്റികള്‍ രൂപീകരിച്ച് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ പഞ്ചായത്ത് തലത്തില്‍ ക്ലീന്‍ കേരള കമ്പനി ഇ-വേസ്റ്റ് ശേഖരിക്കും. യോഗത്തില്‍ നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, തദ്ദേശ സ്വയംഭരണവകുപ്പ് അസി. ഡയറക്ടർ ടിവി. സുഭാഷ്, ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. ജയന്, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, ക്ലീന്‍ കേരള കമ്പനി മാനേജര്‍ മിഥുന് ഗോപി, ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂണിയര്‍ സൂപ്രണ്ട് അനുരാജ് എന്നിവര്‍ പ്രസംഗിച്ചു.