മലിനജലം പൊതുസ്ഥലത്തേക്ക്; ഉടമകള്‍ക്ക് പിഴ ചുമത്തി
1459136
Saturday, October 5, 2024 7:36 AM IST
കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഉപയോഗിച്ച മലിനജലം പമ്പ് ചെയ്ത് തുറസായ സ്ഥലത്തേക്കും തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് സമീപത്തേക്കും എത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്ലാറ്റ് ഉടമയ്ക്ക് 30000 രൂപ പിഴ ചുമത്തി. ഉപ്പളയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള മലിനജലം നിറഞ്ഞൊഴുകുകയും പൊതു ഓടയിലേക്ക് ഒഴുക്കി വിടുകയും ചെയ്തതിന് ഉടമയ്ക്ക് 20000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ പരിശോധനയില്‍ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കുന്നതിന് പിഴ ലഭിച്ച റസിഡന്‍സി, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയിലെ മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സംവിധാനങ്ങള്‍ ഇന്നേ ദിവസം നീക്കം ചെയ്യുന്നതിന് കര്‍ശന നിര്‍ദേശം നൽകി.
നയാ ബസാറിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മലിനജലം ടാങ്ക് നിറഞ്ഞു റോഡിലേക്ക് ഒഴുകിവരുന്നത് സംബന്ധിച്ച പരാതിയിലുള്ള പരിശോധനയിലെ നിര്‍ദ്ദേശപ്രകാരം തയാറാക്കുന്ന സോക് പിറ്റിന്റെ നിര്‍മാണം ത്വരിത ഗതിയിലാക്കുന്നതിന് ഉടമകള്‍ക്ക് നിര്‍ദേശം നല്കി. ഉദുമ നാലാംവാതുക്കലിലെ ക്വാര്‍ട്ടേഴ്സില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഹോട്ടലില്‍ നിന്നുള്ള മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് ഹോട്ടല്‍ ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. പുതിയകോട്ടയിലെ ഹോട്ടലില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5000 രൂപ പിഴ നല്കി.