നെൽക്കൃഷിക്ക് ഭീഷണിയായി കാട്ടുപന്നിക്കൂട്ടം
1459133
Saturday, October 5, 2024 7:36 AM IST
പരപ്പ: പ്രതിഭാനഗറിൽ വിളവെടുപ്പിന് പാകമാകാറായ നെൽവയലിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം. കരിച്ചേരി ദാമോദരൻ, ചന്ദ്രൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പന്നിക്കൂട്ടം വ്യാപകനാശം വരുത്തിയത്. നെൽച്ചെടികളിൽ പലതും കതിരോടെ ചെളിയിൽ ചവിട്ടിത്താഴ്ത്തിയ നിലയിലാണ്. ബാക്കിയുള്ളവയിൽ ഏറെയും വീണുകിടക്കുന്നു. പന്നികൾ നെൽക്കതിരുകൾ കടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ നാലാമത്തെ സ്ഥലത്താണ് പന്നിക്കൂട്ടം നെൽവയലുകൾ ചവിട്ടിമെതിക്കുന്നത്. കുമ്പളയ്ക്കു സമീപം ബംബ്രാണ, ഉദുമ മുല്ലച്ചേരി, നീലേശ്വരം അങ്കക്കളരി എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് നാശമുണ്ടാക്കിയത്. മലയോരമെന്നോ തീരദേശമെന്നോ ഭേദമില്ലാതെയാണ് പന്നിക്കൂട്ടത്തിന്റെ വിളയാട്ടം.
മുൻകാലങ്ങളിൽ കപ്പയും മറ്റു കിഴങ്ങുവിളകളും മാത്രമാണ് പന്നിക്കൂട്ടങ്ങൾ കൂടുതലായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ നെൽവയലുകളിലും ഇവ കൂട്ടത്തോടെ ഇറങ്ങുകയാണ്. പന്നികളുടെ എണ്ണപ്പെരുപ്പവും ജനവാസകേന്ദ്രങ്ങളുമായി കൂടുതൽ പൊരുത്തപ്പെട്ടതുമാണ് ഈ മാറ്റമെന്നാണ് കർഷകർ പറയുന്നത്. കാർഷിക വിളകൾക്കു പുറമേ വീട്ടുമുറ്റത്തെ അലങ്കാരച്ചെടികൾ പോലും ഇവ ചുവടിളക്കി നശിപ്പിക്കുന്നുണ്ട്.