സംസ്ഥാനപാത നവീകരണത്തിലെ അനാസ്ഥയ്ക്കെതിരേ തെരുവിലിറങ്ങി മലയോരജനത
1458666
Thursday, October 3, 2024 6:15 AM IST
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങി മലനാട് വികസന സമിതി. ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിലും ഏകദിന ഉപവാസസമരത്തിലും നിരവധി ജനങ്ങൾ പങ്കെടുത്തതു. ബളാന്തോട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധസമരം സെന്റ് പയസ് ടെൻത് കോളജിലെ അസി. പ്രഫസർ ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. മലനാട് വികസന സമിതി ചെയര്മാന് ആർ. സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ജനപ്രതിനിധികളായ രാധ സുകുമാരന്‍, കെ.കെ. വേണുഗോപാല്‍, എൻ. വിന്‍സെന്റ്, എം. പത്മകുമാരി, കുഞ്ഞമ്പു നായര്‍, സുപ്രിയ ശിവദാസ്, പ്രീതി, കെവിവിഇഎസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി, പനത്തടി സെന്റ് ജോസഫ് ഫൊറോന ചർച്ച് അസി. വികാരി ഫാ. ആശിഷ് അറയ്ക്കൽ,
പനത്തടി ഫൊറോന എകെസിസി ഡയറക്ടർ ഫാ. അനീഷ് ചക്കിട്ടമുറിയിൽ, സെന്റ് മേരീസ് സീനിയർ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സാലു പുളിമൂട്ടിൽ, ഫാ . ക്രിസ് കുഴിക്കാട്ടിൽ, മാലക്കല്ല് ലൂർദ് മാതാ പള്ളി വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി. അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരിച്ചിറ ഉപവാസ സമരത്തിൽ പങ്കെടുത്തവർക്ക് നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു. അജി ജോസഫ് സ്വാഗതവും രാജീവ് തോമസ് നന്ദിയും പറഞ്ഞു.