ദേശീയപാതയിലെ സുരക്ഷ: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
1458112
Tuesday, October 1, 2024 7:56 AM IST
കാസര്‍ഗോഡ്: ദേശീയ പാതയില്‍ നടത്തുന്ന പ്രവൃത്തികളുടെ സുരക്ഷാസംവിധാനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് നിര്‍മാണകരാര്‍ ഏജന്‍സിയോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെങ്കള-നീലേശ്വരം, നീലേശ്വരം-കാലിക്കടവ് വരെ നടക്കുന്ന നിര്‍മാണ പ്രവൃത്തികളില്‍ അപകടം തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. കാറ്റാംകവലയില്‍ റോഡ് നവീകരണത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും റോഡ് കോണ്‍ക്രീറ്റ് ചെയ്യുമെന്നും കെആര്‍എഫ്ബി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
ജില്ലയില്‍ ലഹരി ഉത്പന്നങ്ങളുടെ വിപണനം വ്യാപകമാകുന്ന സാഹചര്യത്തില്‍ തടയാന്‍ കൃത്യമായ ഇടപെടല്‍ ആവശ്യമാണെന്ന് എം. രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. ലഹരി വസ്തുക്കള്‍ക്കെതിരെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്കി.
ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഇല്ലാത്ത ഭൂരഹിത ഭവന രഹിത പട്ടികവര്‍ഗക്കാരുടെ അപേക്ഷകള്‍ കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കണമെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം ഗുണഭോക്താക്കള്‍ക്ക് നല്കിയ ഭൂമിയും റീസര്‍വേയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളില്‍ എല്‍എ പട്ടയം സംബന്ധിച്ച അപേക്ഷകള്‍ നവംബര്‍ ഒന്നിനകം പൂര്‍ത്തീകരിച്ച് പട്ടയങ്ങള്‍ പൂര്‍ണമായും നല്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ താലൂക്കുകളായി മാറണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പട്ടികവര്‍ഗ വിഭാഗക്കാര്‍ നേരത്തെ നല്കിയ അപേക്ഷകളില്‍ നിരസിച്ചവ പുനഃപരിശോധിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ പുനഃസ്ഥാപിക്കണം. ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണം. ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ റോഡ് ഉള്‍പ്പടെ പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാതെ നീട്ടികൊണ്ടു പോകുന്ന കരാറുകാര്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക് പേ വിഷബാധയ്ക്കെതിരായ വാക്സിനേഷന് ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ആറു പട്ടിപിടുത്തക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ എംഎല്‍എ നിർദേശം നല്കി.
ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കരാര്‍ പ്രകാരം നിര്‍മിക്കേണ്ട ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ലിസ്റ്റ് ബന്ധപ്പെട്ട എംഎല്‍എമാരും മറ്റു ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം തയാറാക്കി മാത്രമേ എന്‍എച്ച്എഐയുടെ അനുമതിക്കായി നല്കാന് പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൊളത്തൂരിലെ ആട് ഗ്രാമം പദ്ധതിയില്‍ ഒക്ടോബര്‍ 31ന് ആടുകളെ എത്തിക്കുന്നതരത്തില്‍ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ആറു തദ്ദേശ സ്ഥാപനങ്ങളില്‍ 11 കരിങ്കൽ ക്വാറികള്‍ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മൂന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 21 ചെങ്കല്‍ ക്വാറികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്നത് കണ്ടെത്തി നിര്‍ത്തിവെക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എല്‍എസ്ജിഡി അസി ഡയറക്ടര്‍ അറിയിച്ചു.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ നബാര്‍ഡ് ഫണ്ടില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി വേഗത്തി
ലാക്കാൻ നഗരസഭാതല ഗതാഗത കമ്മറ്റി യോഗം ചേരുന്നതിന് തീരുമാനിച്ചു.
ചട്ടഞ്ചാലില്‍ വയോജന പാര്ക്കിന് ആവശ്യമായ ഭൂമി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ നിര്‍മാണത്തിന് തടസം വരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു.
ദേശീയപാതയോരത്ത് ചട്ടഞ്ചാലില്‍ വയോജന പാര്‍ക്കിനായി അനുവദിച്ച ഭൂമിയില്‍ കേസുകളില്‍ പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും അവ മാറ്റി നല്കിയാൻ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അന്‍പത് സെന്റ് സ്ഥലത്ത് ജില്ലയിലെ മാതൃകാ വയോജന പാര്‍ക്ക് നിര്‍മിക്കാനാണ് ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നീലേശ്വരം നഗരസഭയിലെ രാജാ റോഡില്‍ ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനല്‍കിയ കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് നഗരസഭ അധ്യക്ഷ ടി.വി. ശാന്ത പറഞ്ഞു. ദേശീയപാത നിര്‍മാണത്തിനായി അടച്ച ശ്രീവത്സം റോഡ് തുറക്കണമെന്നും പള്ളിക്കര പാലത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.