സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് നിർഭാഗ്യകരം: ഡിസിസി പ്രസിഡന്റ്
1458110
Tuesday, October 1, 2024 7:56 AM IST
പാണത്തൂർ: കാഞ്ഞങ്ങാട്-പാണത്തൂർ-മടിക്കേരി അന്തർസംസ്ഥാനപാതയുടെ ഭാഗമായ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡിന്റെ നവീകരണപ്രവൃത്തികൾ തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കുന്നതിനു വേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരിടപെടലും ഉണ്ടാകാത്തത് നിർഭാഗ്യകരമാണെന്നും ഇത് മലയോരമേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാംതോട് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ കാട്ടൂർ, ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, തോമസ് ടി. തയ്യിൽ, എ. കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്, മധുസൂദനൻ ബാലൂർ, ജോണി തോലമ്പുഴ, എസ്. മധുസൂദനൻ റാണിപുരം, എം.എം. തോമസ്, സണ്ണി ഇലവുങ്കൽ, സുപ്രിയ അജിത്ത്, കെ. വിജയൻ, രാധ സുകുമാരൻ, ജോസ് നാഗരോലിൽ, അജീഷ് കുമാർ, എം. ശ്രീധരൻ, കെ. സുകുമാരൻ, എം. ജയകുമാർ, എൻ. വിൻസന്റ് എന്നിവർ പ്രസംഗിച്ചു.