നെൽക്കൃഷിക്ക് ഭീഷണിയായി കാട്ടുപന്നികൾ
1453965
Wednesday, September 18, 2024 1:28 AM IST
കുമ്പള: കുമ്പള പഞ്ചായത്തിന്റെ നെല്ലറയായ ബംബ്രാണ വയലിൽ നെൽക്കൃഷിക്ക് ഭീഷണിയായി കാട്ടുപന്നികൾ. 500 ഏക്കറോളം വരുന്ന വയലിന്റെ പല ഭാഗങ്ങളും പന്നിക്കൂട്ടം ചവിട്ടിമെതിച്ച നിലയിലാണ്. വിളയാറായ നെൽച്ചെടികൾ പോലും നിലംപറ്റി കിടക്കുന്നു.
ഞാറു നടുന്നതിന് പിന്നാലെതന്നെ രാത്രികാലങ്ങളിൽ ചെളിയിൽ പുളച്ചുമറിയാൻ പന്നിക്കൂട്ടങ്ങളും എത്തുകയാണെന്ന് കർഷകർ പറയുന്നു. ഇവിടെ അടുത്തെങ്ങും വനമേഖലകളില്ല. തൊട്ടടുത്ത കൊടിയമ്മ പ്രദേശത്തെ ഏക്കർ കണക്കിന് സ്ഥലത്ത് വർഷങ്ങൾക്കുമുമ്പ് സാമൂഹ്യവനവത്കരണ വിഭാഗം നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾക്കു താഴെയുള്ള അടിക്കാടുകളിലാണ് മിക്കപ്പോഴും പകൽസമയങ്ങളിൽ പന്നിക്കൂട്ടങ്ങൾ തങ്ങുന്നത്. കൊടിയമ്മ ഗവ. ഹൈസ്കൂൾ പരിസരത്ത് പകൽസമയത്തും പന്നിക്കൂട്ടങ്ങളെ കാണാറുണ്ട്. വനത്തോടു ചേർന്ന പ്രദേശമല്ലാത്തതിനാൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസൻസുള്ളവരും അടുത്തൊന്നുമില്ല.
ദേശീയപാതയോടു ചേർന്ന നഗരമേഖലകൾ ഉൾക്കൊള്ളുന്ന കുമ്പള, മൊഗ്രാൽ-പുത്തൂർ പഞ്ചായത്തുകളിൽ അടുത്തകാലത്താണ് പന്നിക്കൂട്ടങ്ങൾ വ്യാപകമായത്. കാട്ടിൽ എണ്ണം പെരുകിയപ്പോൾ നാട്ടിലേക്കിറങ്ങിയവ കാർഷികവിളകളും നഗരമാലിന്യങ്ങളും ഭക്ഷണമാക്കി ഇവിടെത്തന്നെ തങ്ങുകയായിരുന്നു. ജനവാസകേന്ദ്രങ്ങൾക്ക് സമീപം കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങൾ താവളമാക്കി ചുരുങ്ങിയ കാലംകൊണ്ട് പെറ്റുപെരുകുകയും ചെയ്തു. വയലുകളിലെ പച്ചക്കറി കൃഷിക്കും കിഴങ്ങുവർഗങ്ങൾക്കും വീട്ടുമുറ്റങ്ങളിലെ അലങ്കാരച്ചെടികൾക്കുമെല്ലാം ഇവ ഭീഷണിയായി മാറുകയാണ്. രാത്രികാലങ്ങളിൽ വീട്ടുപറമ്പുകളിൽ നിന്ന് പന്നിക്കൂട്ടങ്ങളുടെ ശബ്ദം കേൾക്കുന്നത് പതിവായി. പന്നികൾ വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കുന്ന സംഭവങ്ങളും ഉണ്ടായി.
ഏതു നിമിഷവും ഇവ മനുഷ്യർക്കുനേരെയും തിരിയാമെന്ന ആശങ്കയുമുണ്ട്. ഇവയെ കഴിവതും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വനംവകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും നിവേദനം നല്കി മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല.