ചിറ്റാരിക്കാൽ-കുന്നുംകൈ റോഡിൽ ഇടിഞ്ഞുവീണ ഭാഗം കാടുമൂടി
1453541
Sunday, September 15, 2024 5:53 AM IST
മണ്ഡപം: ചിറ്റാരിക്കാൽ-കുന്നുംകൈ റോഡിൽ മണ്ഡപത്തിനും ഗോക്കടവിനുമിടയിൽ രണ്ടുവർഷം മുമ്പ് ഇടിഞ്ഞുവീണ ഭാഗം കാടുമൂടി. ഇവിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത നിലയിലായി. ഒരേസമയം ഇരുവശങ്ങളിൽ നിന്നും വലിയ വാഹനങ്ങൾ വന്നാൽ റോഡ് ഇടിഞ്ഞുവീണതറിയാതെ വശത്തേക്ക് മാറി അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്.
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതിനു ശേഷം മറുഭാഗത്തുകൂടി മാത്രമാണ് വാഹനഗതാഗതം അനുവദിച്ചിരുന്നത്. ഇതിനുവേണ്ടിയാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. രണ്ടുവർഷമായിട്ടും ഇവിടെ പാർശ്വഭിത്തി നിർമിച്ച് റോഡ് സാധാരണനിലയിലാക്കാനുള്ള കാര്യമായ പ്രവൃത്തികളൊന്നും നടന്നില്ല. ഇതോടെ ഇടിഞ്ഞുവീണ ഭാഗത്ത് കാടും പടർപ്പുകളും വളർന്ന് മൂടി. ഇതിനു നടുവിലാണ് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുള്ളത്.
ഇവിടെ പാർശ്വഭിത്തി നിർമിക്കാൻ 1.2 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. സാങ്കേതികാനുമതി കൂടി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അത് ലഭിച്ചുകഴിഞ്ഞാലുടൻ ടെൻഡർ വിളിച്ച് പണി തുടങ്ങാൻ കഴിയുമെന്നും ഭീമനടി സെക്ഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇടിഞ്ഞുവീണ റോഡിന്റെ അറ്റകുറ്റപണിക്ക് ഭരണാനുമതി ലഭിക്കാൻ ഇത്രയും കാലമെടുത്തത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.
കാടും പടർപ്പുകളും മാത്രമാണ് ഉള്ളതെന്ന ധാരണയിൽ വാഹനങ്ങൾ വശത്തേക്കെടുത്താൽ ഇടിഞ്ഞുവീണ ഭാഗത്തുകൂടി തോട്ടിലേക്ക് മറിഞ്ഞുവീഴാവുന്ന അവസ്ഥയാണ്. അടിയന്തിരമായി ഇവിടെ കാട് വെട്ടിത്തെളിച്ച് കുഴിയെങ്കിലും കാണാവുന്ന വിധത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡിന്റെ മെക്കാഡം ടാറിംഗ് നടത്തിയ സമയത്തുതന്നെ ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തിയുടെ നിർമാണം പൂർത്തീകരിക്കാതിരുന്നതാണ് ഈ അവസ്ഥയിലെത്തിച്ചതെന്നും അവർ പറയുന്നു.