ജില്ലാ ആശുപത്രിയിൽനിന്ന് പ്രസവ വാർഡ് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക്
1452897
Friday, September 13, 2024 1:30 AM IST
കാഞ്ഞങ്ങാട്: പുതുതായി ഒന്നും തരാതെ നിലവിലുള്ള സൗകര്യങ്ങളും തസ്തികകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി കാസർഗോഡ് ജില്ലയുടെ കണ്ണിൽ പൊടിയിടുന്ന ആരോഗ്യവകുപ്പിന്റെ പതിവ് തെറ്റിയില്ല. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നുമാകാത്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ കൂടുതൽ വിഭാഗങ്ങളും തസ്തികകളും അനുവദിക്കണമെന്ന ആവശ്യത്തിന് പരിഹാരമായി ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡും അനുബന്ധ തസ്തികകളും ഇങ്ങോട്ടു മാറ്റാൻ തീരുമാനമായി.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിർദേശത്തിന് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) തത്വത്തിൽ അംഗീകാരം നല്കി. പ്രസവ വിഭാഗം ഇങ്ങോട്ട് മാറ്റുമ്പോൾ കൂടുതൽ കിടക്കകളും സൗകര്യങ്ങളും തസ്തികകളും അനുവദിക്കണമെന്ന ആവശ്യം കൂടി എച്ച്എംസി യോഗം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന പതിവു ധാരണയോടെ മാറ്റം ഉടൻ നടപ്പിലാകാനാണ് സാധ്യത.
അതേസമയം പ്രസവചികിത്സാ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നതോടെ ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക സൗകര്യങ്ങളുള്ള പ്രസവചികിത്സാ വാർഡുകളും നവജാതശിശു പരിചരണ വിഭാഗവും വെറുതെയാകും. അതു മുഴുവൻ പൊളിച്ചുമാറ്റി അമ്മയും കുഞ്ഞും ആശുപത്രിയിൽ സ്ഥാപിക്കുകയെന്നത് പ്രായോഗികവുമല്ല.
ജില്ലയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള പ്രസവചികിത്സാ വിഭാഗമാണ് നിലവില്‍ ജില്ലാ ആശുപത്രിയിലുള്ളത്. അമ്മയും കുഞ്ഞും ആശുപത്രി പ്രത്യേകമായി തുടങ്ങാന്‍ തീരുമാനമായതിനു ശേഷവും ഈ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ ലഭിച്ച ഫണ്ട് മുഴുവനും വിനിയോഗിച്ചത് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ്.
ജില്ലാ ആശുപത്രിയില്‍ അത്യന്താധുനിക സംവിധാനങ്ങളുള്ള നവജാത ശിശു പരിപാലന യൂണിറ്റ് ആരോഗ്യമന്ത്രിയെത്തി ഉദ്ഘാടനം ചെയ്തത് കഷ്ടിച്ച് രണ്ടുവർഷം മുമ്പാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഇവിടെയും പ്രസവചികിത്സാ വിഭാഗത്തിലും സ്ഥാപിച്ചിട്ടുള്ളത്.
ഇതിനായി പ്രത്യേക മുറികളും വാര്‍ഡുകളും സജ്ജീകരിക്കുന്നതിനായി ചെലവഴിച്ച ലക്ഷങ്ങള്‍ അതിനു പുറമെയാണ്. ഇവയെല്ലാം വെറുതെയാകുന്നതിനൊപ്പം ഇനി അമ്മയും കുഞ്ഞും ആശുപത്രിയിൽ എല്ലാം വീണ്ടും ഒന്നിൽനിന്ന് തുടങ്ങേണ്ട അവസ്ഥയാകും.
പ്രസവചികിത്സാ വിഭാഗത്തിനും നവജാതശിശു പരിചരണത്തിനുമുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ തന്നെ വീണ്ടും ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും.