വ്യവസായ പാര്‍ക്കില്‍ മാലിന്യസംസ്കരണ നിയമലംഘനം; നടപടിയെടുത്തു
1452057
Tuesday, September 10, 2024 1:46 AM IST
കാസര്‍ഗോഡ്: പുത്തിഗെ പഞ്ചായത്തിലെ അനന്തപുരം വ്യവസായ പാര്‍ക്കില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപകമായ ലംഘനങ്ങള്‍ കണ്ടെത്തി.
കിടക്ക നിര്‍മാണം, ആക്രി ശേഖരണ- വിതരണം , പ്ലാസ്റ്റിക് റീസൈക്ലിംഗ് തുടങ്ങിയ കമ്പനികളില്‍ മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തി.
വ്യവസായ സ്ഥാപനങ്ങളിലേക്കും മറ്റും ഭക്ഷണം വിതരണം ചെയ്യുന്ന സമീപത്തെ ഹോട്ടലില്‍ ഉപയോഗജലം അരുവിയിലേക്ക് ഒഴുക്കിവിടുന്നതിനെ തുടര്‍ന്ന് 10,000 രൂപ പിഴ ഈടാക്കുകയും ഒരാഴ്ചയ്ക്കകം ദ്രവമാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കി വിവരം അറിയിക്കുന്നതിന് ഹോട്ടലുടമയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
വാണിജ്യ സ്ഥാപനവും പരിസരവും വൃത്തിയായി പരിപാലിക്കാത്തതിനും ജൈവ/അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിന്നുകള്‍ ഏര്‍പ്പെടുത്താത്തതിനും രണ്ടു സ്ഥാപന ഉടമകള്‍ക്കും പിഴ നല്‍കിയിട്ടുണ്ട്. പടന്ന പഞ്ചായത്തിലെ രണ്ടു ക്വാര്‍ട്ടേഴ്സുകളിലും അജൈവമാലിന്യങ്ങള്‍ സംസ്കരണ സംവിധാനമില്ലാതെ കൂട്ടിയിട്ടതിനെ തുടര്‍ന്ന് 5000 രൂപ വീതം പിഴ ചുമത്തി.