ജില്ലയില്‍ വര്‍ധിച്ചത് 61 പഞ്ചായത്ത് വാര്‍ഡുകള്‍
1451823
Monday, September 9, 2024 1:11 AM IST
കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയില്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചപ്പോള്‍ ജില്ലയില്‍ വര്‍ധിച്ചത് 38 ഗ്രാമപഞ്ചായത്തുകളിലായി വര്‍ധിച്ചത് 61 വാര്‍ഡുകള്‍. ബിജെപിയുടെ കുത്തക പഞ്ചായത്തായ മധൂരില്‍ നാലു വാര്‍ഡുകള്‍ വര്‍ധിച്ചതാണ് ഇതില്‍ ശ്രദ്ധേയം. 20 വാര്‍ഡുകള്‍ ഉണ്ടായിരുന്ന ഈ പഞ്ചായത്തില്‍ ഇനി 24 വാര്‍ഡുകള്‍ ഉണ്ടാകും. മഞ്ചേശ്വരം, മുളിയാര്‍ പഞ്ചായത്തുകളില്‍ മൂന്ന് വാര്‍ഡുകള്‍ വീതം വര്‍ധിച്ചു.
ബേഡഡുക്ക, വോര്‍ക്കാടി, പുത്തിഗെ, മീഞ്ച, പൈവളിഗെ, ബദിയഡുക്ക, മൊഗ്രാല്‍പുത്തൂര്‍, ഉദുമ, കോടോം-ബേളൂര്‍, പള്ളിക്കര, പനത്തടി, പുല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, പിലിക്കോട്, കിനാനൂര്‍-കരിന്തളം, തൃക്കരിപ്പൂര്‍ എന്നീ 16 പഞ്ചായത്തുകളില്‍ രണ്ടു വാര്‍ഡുകള്‍ വീതമാണ് വര്‍ധിച്ചത്. ബെള്ളൂര്‍, കുംബഡാജെ, മംഗല്പാടി, കുമ്പള, എന്മകജെ, കാറഡുക്ക, ദേലംപാടി, ചെങ്കള, ചെമ്മനാട്, കുറ്റിക്കോല്‍, അജാനൂര്‍, ബളാല്‍, മടിക്കൈ, കള്ളാര്‍, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, പടന്ന, വലിയപറമ്പ എന്നീ 19 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡ് വീതമാണ് വര്‍ധിച്ചത്.
ആറു ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ ഒമ്പത് ഡിവിഷനുകളാണ് വര്‍ധിച്ചത്. കാസര്‍ഗോഡ് ബ്ലോക്കില്‍ മൂന്നു ഡിവിഷനുകളിൽ 15 സീറ്റ് ഉണ്ടായിരുന്നത് 18 ആയി വര്‍ധിച്ചു. കാഞ്ഞങ്ങാട് ബ്ലോക്കില്‍ രണ്ടു ഡിവിഷനുകളും വര്‍ധിച്ചു. മഞ്ചേശ്വരം, നീലേശ്വരം, കാറഡുക്ക, പരപ്പ ബ്ലോക്കുകളില്‍ ഓരോ ഡിവിഷനുകള്‍ വര്‍ധിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷന് എന്നത് ഒരെണ്ണം കൂടി 18 ആയി വര്‍ധിച്ചു.