ഒമ്പതു വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫ്ലുവന്‍സ പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
1451691
Sunday, September 8, 2024 6:58 AM IST
കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളജില്‍ 30ഓളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫ്ലുവന്‍സ എ വിഭാഗത്തില്‍പെട്ട പനി സ്ഥിരീകരിച്ചു.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് 1 എന്‍1, എച്ച്3 എന്‍2 എന്നീ വിഭാഗത്തില്‍പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിക്ക് കൂടി എച്ച് 1 എന്‍ 1 ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.
കുട്ടികള്‍ക്ക് പനി ബാധിച്ചത് അറിഞ്ഞ ഉടനെ ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം അവിടെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുകയുണ്ടായി.
രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ എല്ലാ കുട്ടികള്‍ക്കും ഹോസ്റ്റലില്‍ തന്നെ പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ആവശ്യമായ ബോധവത്കരണം നല്‍കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ടീം ആവശ്യമായ പരിശോധന നടത്തുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നാട്ടില്‍ പനി പടരാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ കിടപ്പുരോഗികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
ജലദോഷം, ചുമ, പനി, തൊണ്ടവേദന തലവേദന, ശരീരവേദന, ക്ഷീണം, വിറയല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ ഛര്‍ദ്ദിയും വയറിളക്കവും കൂടെ ഉണ്ടാകും.
ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകള്‍ സോപ്പിട്ട് കൂടെ കൂടെ കഴുകുക മാസ്ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക തുങ്ങിയവ അനുവര്‍ത്തിക്കണം .
രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വൈറസ് വ്യാപിക്കുന്നു. ഇതു ശ്വസിക്കുമ്പോഴും വൈറസിനാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സന്ധര്‍ക്കമുണ്ടാകുമ്പോഴുമാണ് രോഗപകര്‍ച്ച ഉണ്ടാകുന്നത്.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍
എച്ച് 1 എന്‍1 രോഗനിയന്ത്രണത്തിനായും ചികിത്സക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ മറ്റു പ്രത്യേക അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കാറ്റഗറി അനുസരിച്ച് ആന്റി വൈറല്‍ മരുന്ന് ഒസള്‍ട്ടാമിവിര്‍ ഗുളിക നല്‍കും. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഒസര്‍ട്ടാമിവിര്‍ ഗുളിക സ്റ്റോക്ക് ഉണ്ട്. പനി രോഗികള്‍ ഇളം ചൂടുള്ളതും പോഷക ഗുണമുള്ളതുമായ പാനീയങ്ങള്‍ കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂര്‍ണ വിശ്രമം എടുക്കുക തുടങ്ങിയവ ചെയ്യണം. രോഗ ബാധിതരെ കഴിവതും സന്ദര്‍ശിക്കാതിരിക്കുക. സന്ദര്‍ശിച്ചാലും ഒരു മീറ്റര്‍ അകലം പാലിക്കുക. സ്വയം ചികിത്സ നേടാതെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കണം.