ബ്ലോക്ക് പരിധികളിൽ ഡബിള്‍ ചേംബേര്‍ഡ് ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കും
1450971
Friday, September 6, 2024 1:47 AM IST
കാസര്‍ഗോഡ്: ജില്ലയിലെ എല്ലാ ബ്ലോക്ക് പരിധിയിലും ഡബിള്‍ ചേംബേര്‍ഡ് ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ശുചിത്വമിഷന്റെ അംഗീകാരമുളള അക്രഡിറ്റഡ് ഏജന്‍സിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അറിയിച്ചു.
എല്ലാ പഞ്ചായത്തുകളും ഡബിള്‍ ചേംബേര്‍ഡ് ഇന്‍സിനറേറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതിന് അതതു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വിഹിതം നല്‍കുന്നതിനുളള പ്രോജക്ടുകള്‍ ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശിച്ചു. മാലിന്യ സംസ്കരണ മേഖലയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണെമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 30 വരെ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ 10നു ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ മാലിന്യ സംസ്കരണ മേഖലയിലെ പ്രവൃത്തികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.
ജില്ലയിലെ 65 അങ്കണവാടികളുടെ കെട്ടിടനിര്‍മാണം കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമായി അഞ്ചു ലക്ഷം രൂപ വീതം ബന്ധപ്പെട്ട പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
2024-25 വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണപുരോഗതി വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഡിപിസി തീരുമാനിച്ചു. അവലോകന റിപ്പോര്‍ട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ ആസൂത്രണ സമിതയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവിധ കാരണങ്ങളാല്‍ മുടങ്ങി കിടക്കുന്ന എന്‍ജിനിയറിംഗ് പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലും തദ്ദേശഭരണ സ്ഥാപനതലത്തിലും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
13 തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതി ഉള്‍പ്പെടെയുളള പരിഷ്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്കി.