ഗ്രന്ഥശാലകളില്‍ ഡിജിറ്റലൈസേഷന് കാമ്പയിന്
1450964
Friday, September 6, 2024 1:46 AM IST
കാസര്‍ഗോഡ്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനമായി എട്ടു മുതല്‍ ഗ്രന്ഥശാലാദിനമായ 14 വരെ ഗ്രന്ഥശാല വാരാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ സംഘടിപ്പിക്കും.
മുഴുവന്‍ ഗ്രന്ഥശാലകളെയും ഡിജിറ്റലൈസ്ഡ് ലൈബ്രറിയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലകളിലെ വിവിധ വേദികളുടെ നേതൃത്വത്തില്‍ 20ഓളം പേരെ അണിനിരത്തി ലൈബ്രറി ഡിജിറ്റലൈസേഷന് സംഗമം സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ഗ്രന്ഥശാലയിലെ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ഗ്രന്ഥശാല വാരാചരണക്കാലത്ത് ലൈബ്രറി കൗണ്‍സിലിന്റെ പബ്ലിക് എന്ന സോഫ്റ്റ്വെയറില് പകര്‍ത്തും.
നവസാക്ഷര, തുല്യത പഠിതാക്കളുടെ കലാസാഹിത്യ മത്സരങ്ങള്‍, അംഗത്വവാരാചരണം, പുസ്തക ശേഖരണം, ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകരെയും മികച്ച വായനക്കാരെയും ആദരിക്കല്‍, പുസ്തകപ്രദര്ശനം, ബാലവേദി, വനിതാവേദി, യുവജനവേദി ,വയോജനവേദി നേതൃത്വത്തില്‍ പുസ്തക ചര്‍ച്ചകള്‍, 14നു രാവിലെ ഗ്രന്ഥശാലാദിനത്തില്‍ പതാക ഉയര്‍ത്തല്‍, അക്ഷരദീപം കൊളുത്തല്‍ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.