കൃത്രിമ ഉപഗ്രഹങ്ങളുമായി സംവദിച്ച് വിദ്യാര്‍ഥികള്‍; നവ്യാനുഭവമായി ശില്പശാല
1450963
Friday, September 6, 2024 1:46 AM IST
പെരിയ: കൃത്രിമ ഉപഗ്രഹങ്ങളുമായി വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ അവസരമൊരുക്കി കേന്ദ്ര സര്‍വകലാശാലയില്‍ ശില്പശാല. ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാന് ഭാരതിയുടെ കേരള ചാപ്റ്ററായ സ്വദേശി ശാസ്ത്രപ്രസ്ഥാനവുമായി സഹകരിച്ച് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് വിദ്യാര്‍ഥികള്‍ക്ക് അറിവും ആവേശവും പകരുന്ന അനുഭവമുണ്ടായത്.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് ഡോ. ബി.എ. സുബ്രമണിയുടെ നേതൃത്വത്തില്‍ റിസീവറും ആന്റിനയും ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹങ്ങളില്‍നിന്നുള്ള സിഗ്നലുകള്‍ ശേഖരിച്ച് ഡീകോഡ് ചെയ്ത് വിവരിച്ചു നല്കി. സാറ്റലൈറ്റില്‍നിന്നും ഫോട്ടോകള്‍ ലഭിച്ചതും വിദ്യാര്‍ഥികളുടെ കൗതുകം വര്‍ധിപ്പിച്ചു.
സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുമുള്ള 150ഓളം വിദ്യാര്‍ഥികളാണ് രണ്ടു ദിവസത്തെ ശില്പശാലയില് പങ്കെടുത്തത്. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷന്‍ ഡോ. ഇ. പ്രസാദ്, വിജ്ഞാന് ഭാരതി സൗത്ത് ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്. അബ്ഗ, പ്രഫ. കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രഫ. സ്വപ്ന എസ്. നായര്‍, ഡോ. പി.എം .അനീഷ് എന്നിവര്‍ പ്രസംഗിച്ചു.