കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റും: മന്ത്രി എം.ബി. രാജേഷ്
1450535
Wednesday, September 4, 2024 7:19 AM IST
കാസര്‍ഗോഡ്: കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പുനഃപരിശോധിക്കുന്നതിന് തദ്ദേശ അദാലത്തില്‍ ലഭിച്ച അപേക്ഷകള്‍ സഹായകരമായെന്ന് മന്ത്രി എം.ബി. രാജേഷ്. കാസര്‍ഗോഡ് ടൗണ്‍ ഹാളില്‍ തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ നടന്ന അദാലത്തുകളില്‍ പ്രധാനപ്പെട്ട 30 തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതിക്കും വാടകയ്ക്കും കുടിശിക കൂട്ടുപലിശ നിരക്കില്‍ ഈടാക്കുന്നത് അവസാനിപ്പിക്കും. ചില തദ്ദേശ സ്ഥാപനങ്ങളിലുള്ള കൂട്ടുപലിശ സംവിധാനത്തിനാണ് അവസാനമാവുക. ഇനി എല്ലായിടത്തും ക്രമപലിശ മാത്രമാകും ഈടാക്കുകയെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടുണ്ടെങ്കില്‍, പ്ലോട്ട് ഏരിയയില്‍ കുറവോ കൂടുതലോ വന്നുവെന്ന കാരണത്താല്‍ പെര്‍മിറ്റ് റദ്ദാക്കുന്ന ചട്ടത്തില്‍ ഇളവു നല്‍കും. കെട്ടിട നിര്‍മാണ ചട്ടം 19(5) ലാണ് ഇളവ് നല്‍കുക. പെര്‍മിറ്റ് പ്രകാരം വീട് നിര്‍മിക്കുകയും ഒക്യുപെന്‍സിയുടെ സമയത്ത് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന കേസുകളില്‍ പൊതുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കും.
കോര്പറേഷന്/മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ടു സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ മൂന്നു മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരും. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക.
സംസ്ഥാനത്ത് 80 ചതുരശ്ര മീറ്റര്‍ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകള്‍ക്ക് 2024-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നല്‍കും. ഈ കുടുംബങ്ങള്‍ക്ക് നികുതി കുടിശിക മാത്രം അടച്ചാല്‍ മതിയാവുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
60 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ല. യുഎ നമ്പറുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ മൂന്നിരട്ടി നികുതിയാണ് ചുമത്തുന്നത്.
അതേസമയം 60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടുകളെ നികുതിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ ഇളവ് യുഎ നമ്പര്‍ ലഭിച്ച വീടുകള്‍ക്കും ബാധകമാക്കാനാണ് നിര്‍ദേശം നല്‍കിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകള്‍ക്ക് യുഎ നമ്പറാണ് ലഭിക്കുന്നതെങ്കില്പോലും അവസാന ഗഡു അനുവദിക്കും. ഇതു സംബന്ധിച്ച് പൊതുനിര്‍ദേശം നല്കി. യുഎ നമ്പറുള്ള വീടുകളുടെ ഉടമസ്ഥാവകാശവും ഇനി നിബന്ധനകള്‍ക്ക് വിധേയമായി കൈമാറാം.
ആദ്യത്തെ ഉടമയ്ക്ക് യുഎ നമ്പര്‍ നല്കുമ്പോള് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ കൈമാറിക്കിട്ടിയ പുതിയ ഉടമയ്ക്കും ബാധകമാക്കും. യുഎ നമ്പറുള്ള കട്ടടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കുമെന്ന് മന്ത്രി പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, എ.കെ.എം. അഷറഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി എ.പി. ഉഷ, നഗരസഭ ചേംബര്‍ പ്രതിനിധി ടി.വി. ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതവും തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു നന്ദിയും പറഞ്ഞു.
മാലിന്യനിര്‍മാര്‍ജനത്തില്‍ കേരളത്തിലുണ്ടായ മാറ്റം കാസര്‍ഗോഡ് ഉണ്ടാകുന്നില്ല: മന്ത്രി
മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിലെ ഉണ്ടായ മാറ്റത്തിനനുസരിച്ച് കാസര്‍ഗോഡ് മാറ്റം ഉണ്ടാകുന്നില്ലെന്നത് ഗൗരവമായി കാണണമെന്നും മാലിന്യ പരിപാലനത്തില്‍ വീഴ്ച വരുത്തുന്നത് നിരാശാജനകമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
മാലിന്യനിര്‍മാര്‍ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് നിയമം ഭേദഗതി ചെയ്തിട്ടുണ്ട് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും ശക്തമായ നടപടി സ്വീകരിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. വീഴ്ച വരുത്തുന്നവര്‍ അതിന് ഉത്തരവാദികള്‍ ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു.