നൂതന ആശയങ്ങളുമായി സി.വി. രാജു
1450045
Tuesday, September 3, 2024 1:21 AM IST
പയ്യന്നൂര്‍: നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായി മാറിയ പയ്യന്നൂര്‍ ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകന് സി.വി.രാജുവിന് ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ്. 19 വര്‍ഷത്തെ അധ്യാപക ജോലിക്കിടെ പാഠ്യപാഠ്യേതര രംഗങ്ങളില്‍ കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളാണ് അദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്‍ട്രന്‍സ് പരീക്ഷയിൽ വിദ്യാര്‍ഥികളെ മുന്‍നിരയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള വായനശാലകള്‍ കേന്ദ്രീകരിച്ച് കെമിസ്ട്രി നൈറ്റ്സ് എന്ന കെമിസ്ട്രി പാഠ്യപദ്ധതി നാലു വര്‍ഷമായി നടത്തുന്നു. ഉപയോഗശൂന്യമായ സൈക്കിളുകള്‍ ശേഖരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി 120 വിദ്യാര്‍ഥികള്‍ക്ക് നല്കിയ പുനരുപയോഗത്തിന്റെ പുത്തന്‍ മാതൃക ദേശീയശ്രദ്ധ നേടി.
ഒരു രൂപയ്ക്ക് ഒരു ജീവിതം പദ്ധതിയിലൂടെ കിടപ്പുരോഗികള്‍ക്ക് ആശ്വാസ സഹായം എത്തിക്കുന്ന തിനും നേതൃത്വം വഹിച്ചു. ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി നാല് ലോക റിക്കാര്‍ഡുകള്‍ നേടിയ ലഹരി വിരുദ്ധ ചരട്കുത്തി കോല്‍ക്കളിയുടെ മുഖ്യസംഘാടകനായിരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സിപിഒയുമാണ്. കാമ്പ്രത്ത് രാജന് -സി.വി. സൗദാമിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ.കെ.കെ. പ്രീത ( സഹകരണ ആയുര്‍വേദ, പയ്യന്നൂര്‍). മക്കള്‍: സ്തുതി ആര്. ലക്ഷ്മി, ധ്യാന്‍ ആര്. കൃഷ്ണ.