ബധിര സമൂഹത്തിനായി ജീവിതം സമര്‍പ്പിച്ച ജോഷിമോൻ
1450044
Tuesday, September 3, 2024 1:21 AM IST
കാസര്‍ഗോഡ്: ബധിരവിദ്യാര്ഥികളുടെ സംസ്ഥാന കായികമേളയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ പത്രസമ്മേളനം നടക്കുകയാണ്. ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ രക്ഷാധികാരിയും പരിപാടിയുടെ മുഖ്യ സംഘാടകനുമായ കെ.ടി. ജോഷിമോന് കാര്യങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
ഏറ്റവും ഒടുവിലായി നന്ദി പറയാനായി ജോഷി മാഷ് ക്ഷണിച്ചത് സംസാരശേഷിയും ശ്രവണശേഷിയുമില്ലാത്ത തന്റെ വിദ്യാര്‍ഥിയെ. ആംഗ്യഭാഷയില്‍ ആ വിദ്യാര്‍ഥി നടത്തിയ നന്ദിപ്രസംഗത്തിന് ജോഷി മാഷ് ശബ്ദരൂപം നല്കി. ബധിരവിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനായി ജീവിതം സമര്‍പ്പിച്ച ഒരു അധ്യാപകനെ അന്നു മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടുകണ്ടു. ഇത്തവണത്തെ മികച്ച യുപി വിഭാഗത്തിലെ അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ജോഷിയുടെ സേവനമികവിനുള്ള അംഗീകാരമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടു ചെര്‍ക്കള മാര്‍ത്തോമ്മ ബധിരവിദ്യാലയത്തിലെ അധ്യാപകനാണ് കെ.ടി. ജോഷിമോന്.
സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുക, നൂതനരീതിയിലുള്ള അധ്യാപനം, ഭിന്നശേഷി കുട്ടികളോടുള്ള കരുതല്‍, സ്കൂളില്‍ നടത്തുന്ന ദിനാചരണങ്ങളിലെ മികവ്, സാമൂഹ്യ സേവനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അവാര്‍ഡിന് അര്‍ഹനാക്കി. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ആണ്- പെണ് വിഭാഗം മോണോ ആക്ടില്‍ 2010 മുതല്‍ ചെര്‍ക്കള മാര്‍ത്തോമ്മ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുടങ്ങാതെ സമ്മാനം നേടുന്നുണ്ട്. ഇവരെ പരിശീലിപ്പിക്കുന്നത് ജോഷിയാണ്.
കൂടാതെ 2022ല്‍ ഇന്‍ഡോറില്‍ നടന്ന ദേശീയ ബധിരകായികമേളയില് കേരളം ചാമ്പ്യന്മാരായപ്പോള് അന്നത്തെ ടീം മാനേജരും ജോഷി ആയിരുന്നു. 2010ല്‍ മികച്ച ഹരിത കേരളം കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ലഭിച്ചു. സ്കൂളിലെ കുട്ടിക്ക് വീടുവയ്ക്കാന്‍ എട്ടു സെന്റ് സ്ഥലം ദാനം ചെയ്തു. കാഞ്ഞങ്ങാടും ഉദയപുരത്തുമായി രണ്ടു നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്ക് ജോഷിയുടെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മിച്ചുവരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി, ജില്ലാ ബധിര അസോസിയേഷന് രക്ഷാധികാരി എന്നീ നിലകളിലെല്ലാം സേവനം ചെയ്യുന്നു. കാഞ്ഞങ്ങാട് ജീവോദയ സ്പെഷല്‍ സ്കൂള്‍ സ്ഥാപകന്‍ കൂടിയാണ്.
സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി, മുഖ്യാധ്യാപക എസ്. ഷീല, മുന്‍ മുഖ്യാധ്യാപകരായ ജോസ്മി ജോഷ്വ, സക്കറിയ തോമസ് എന്നിവരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്തുണയാണ് അവാര്‍ഡിലേക്ക് എത്തിച്ചതെന്ന് ജോഷി പറഞ്ഞു. കാഞ്ഞങ്ങാട് പടന്നക്കാടാണ് താമസം. കോടോം-ബേളൂര്‍ ഉദയപുരത്തെ പരേതനായ മുതിരക്കാലായില്‍ എം.വി. തോമസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ ഷേബ തോമസ് നീലേശ്വരം സെന്റ് ആന്‍സ് എയുപി സ്കൂള്‍ അധ്യാപികയാണ്. ജിസ, ജിയ, ജിനോ എന്നിവര്‍ മക്കളാണ്.