വീടും പറമ്പും ഇളക്കിമറിച്ച് കാട്ടാനക്കൂട്ടം
1444979
Thursday, August 15, 2024 1:48 AM IST
റാണിപുരം: റാണിപുരത്ത് സൗരോർജവേലി മറികടന്നെത്തിയ കാട്ടാനക്കൂട്ടം ആൾത്താമസമില്ലാത്ത വീടുംപറമ്പും ഇളക്കിമറിച്ചു. പറമ്പിലുണ്ടായിരുന്ന അമ്പതോളം കമുകുകൾ നശിപ്പിച്ചു. ചുള്ളിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ചിരുന്നതായാണ് സൂചന. ഇന്നലെ ഉച്ചയോടുകൂടിയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഈ സമയത്തും മൂന്നാനകൾ അടുത്തുതന്നെ ഉണ്ടായിരുന്നു. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം പുറത്തുനിന്നുള്ള ആളുകൾ വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ വെറുതേ കിടക്കുന്നത് വന്യമൃഗങ്ങൾക്ക് തമ്പടിക്കുവാൻ ഇടമൊരുക്കുന്നതായി നേരത്തേ ആക്ഷേപമുയർന്നിരുന്നു.