വയനാടിനായി നവജീവന സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ അച്ചാര്‍ വില്പന
1444713
Wednesday, August 14, 2024 1:42 AM IST
കാസര്‍ഗോഡ്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പെര്‍ള നവജീവന സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ അച്ചാര്‍ വില്പന. ഇന്നലെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിലാണ് അച്ചാര്‍ വില്പന നടത്തിയത്.
250 ഗ്രാമിന്റെ 180 ബോട്ടില്‍ നാരങ്ങ അച്ചാറാണ് വില്പനയ്ക്കായി എത്തിച്ചത്. അച്ചാര്‍ തയാറാക്കിയതും പായ്ക്ക് ചെയ്തതും കുട്ടികളും സ്കൂളിലെ ജീവനക്കാരും ചേര്‍ന്നാണ്.
100 രൂപയാണ് ഒരു ബോട്ടിലിന്റെ വില. ഇതുകൂടാതെ കുട്ടികള്‍ തയാറാക്കിയ ഹാന്‍ഡ് വാഷും ലോഷനും വില്പനയ്ക്കുണ്ടായിരുന്നു.
അച്ചാര്‍ ഏതാണ്ട് വിറ്റഴിഞ്ഞെന്നു മാത്രമല്ല, നിരവധിപേര്‍ ബോട്ടിലിൽ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പണം നല്കി കുട്ടികളുടെ നല്ല മനസിനെ പ്രോത്സാഹിപ്പിച്ചു.
അച്ചാര്‍ വിറ്റുകിട്ടിയ 20,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരീന, അസി.മാനേജര്‍ ഫാ.ജോബി കിടങ്ങയില്‍, ജീവനക്കാരായ എലിസബത്ത്, വിനയ, സാം ഡേവിഡ്, ഹെഡ് ബോയ് കാര്‍ത്തിക്, ഹെഡ് ഗേള്‍ സന ഫാത്തിമ, ഡ്രൈവര്‍ നോബിള്‍ എന്നിവര്‍ നേതൃത്വം നല്കി.