മലയോരജനത പറയുന്നു ‘ലാഭകരമാകും ഈ റൂട്ടുകൾ’
1444411
Tuesday, August 13, 2024 1:48 AM IST
വെള്ളരിക്കുണ്ട്: ദേശാസാത്കരണ റൂട്ടുകൾ ഒഴിവാക്കി ജനോപകാരപ്രദമായ രീതിയിൽ റൂട്ട് ഫോർമേഷൻ നടപ്പിലാക്കാൻ ആവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരൻ എംഎൽഎക്കും കാസർഗോഡ് ആർടിഒക്കും മലയോരമേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി.രാജു നിവേദനം നൽകി.
റൂട്ട് ലെംഗ്തിന്റെ അഞ്ചുശതമാനം അഥവാ അഞ്ചു കിലോമീറ്റർ നോട്ടിഫൈഡ് റൂട്ടിലും 140 കിലോമീറ്ററിൽ കൂടുതൽ റൂട്ടിനു നീളം ഇല്ലാത്ത തരത്തിലും ആണ് റൂട്ടുകൾ ഫോം ചെയ്യുന്നത്.
പയ്യന്നൂർ-ചെറുപുഴ-വെള്ളരിക്കുണ്ട്-ബന്തടുക്ക-സുള്ള്യ, പെരിയ കേന്ദ്രസർവകലാശാല-ഉദയപുരം- വെള്ളരിക്കുണ്ട്- ശ്രീകണ്ഠാപുരം-മട്ടന്നൂർ എയർപോർട്ട്, പെരിയ കേന്ദ്രസർവകലാശാല- ഉദയപുരം-ചെറുപുഴ- ഇരിട്ടി, ഇരിട്ടി-കണ്ണാടിത്തോട്, പുഞ്ച-നീലേശ്വരം എന്നീ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഇത്തരത്തിൽ മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള റൂട്ടുകൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കൂടാതെ എംഎൽഎ മോട്ടോർ വാഹന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ സദസിൽ പരിഗണിക്കുന്ന ഏതു റൂട്ടും ലാഭകരമാണെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന യാഥാർഥ്യം ഉൾക്കൊണ്ട് കൊണ്ട് സമർപ്പിച്ച ഈ റൂട്ടുകൾ കാഞ്ഞങ്ങാട് മണ്ഡലത്തിലെ മലയോര പഞ്ചായത്തുകൾക്ക് മികച്ച കണക്ടിവിറ്റി ഉണ്ടാകുകയും, ഗ്രാമങ്ങളുടെ വികസനത്തിന് സഹായകരമാകുകയും ചെയ്യും.
മെക്കാഡം ടാറിംഗ് ഉള്ള മികച്ച നിലവാരത്തിലുള്ള റോഡുകൾ ഉണ്ടായിട്ടും മിക്ക റൂട്ടിലും വേണ്ടത്ര ഗതാഗത സൗകര്യങ്ങളില്ല.
കോവിഡിന് മുൻപ് ലാഭകരമായി ഓടിയിരുന്ന പല കെഎസ്ആർടിസി സർവീസുകളും ജീവനക്കാരുടെ കുറവ് മൂലം ഇതുവരെയും പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന എളേരിത്തട്ട് കോളജിലെ വിദ്യാർഥികളും രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.
മലയോരമേഖല പാസഞ്ചേഴ്സ് അസോ.
നിർദേശിച്ച പുതിയ റൂട്ടുകൾ
പയ്യന്നൂർ-ചെറുപുഴ-വെള്ളരിക്കുണ്ട്-ബന്തടുക്ക-സുള്ള്യ
പെരിയ കേന്ദ്രസർവകലാശാല-ഉദയപുരം- വെള്ളരിക്കുണ്ട്- ശ്രീകണ്ഠാപുരം-മട്ടന്നൂർ എയർപോർട്ട്
പെരിയ കേന്ദ്രസർവകലാശാല- ഉദയപുരം-ചെറുപുഴ- ഇരിട്ടി
ഇരിട്ടി-കണ്ണാടിത്തോട്
പുഞ്ച-നീലേശ്വരം