ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: ജില്ലയിൽ 80.5 ശതമാനം വിജയം
1444130
Monday, August 12, 2024 1:03 AM IST
കാസര്‍ഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന് വഴി മുതിര്‍ന്നവര്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍സെക്കൻഡറി തുല്യതാ പരീക്ഷയില്‍ (ഏഴാം ബാച്ച്) ഈ വര്‍ഷം ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയ 521 പേരില്‍ 419 പേരും വിജയിച്ചു. വിജയശതമാനം 80.5. ചന്ദ്രഗിരി ജിഎച്ച്എസ്എസില്‍ പരീക്ഷയെഴുതിയ വാഹിദ മുംതാസ് അഞ്ച് എപ്ലസും ഒരു എയും നേടി ജില്ലയില്‍ ഏറ്റവും മികച്ച സ്കോര്‍ നേടിയ പഠിതാവായി. എല്ലാവരും മികച്ച ഗ്രേഡോടുകൂടിയാണ് വിജയിച്ചത്.
ജൂലൈ അഞ്ച് മുതല്‍ 15 വരെയായിരുന്നു പരീക്ഷ. രണ്ടുവര്‍ഷങ്ങളിലായി എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായിരുന്നു സമ്പര്‍ക്ക പഠന ക്ലാസുകള്‍ സാക്ഷരതാ മിഷന് ഇവര്‍ക്കായി നടത്തിയിരുന്നത്. 88 പേര് കന്നട മീഡിയത്തില്‍ പഠിച്ചു വിജയിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തില്‍ ആയിട്ടാണ് ക്ലാസുകളും പരീക്ഷയും നടത്തിയിരുന്നത്. ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയായിരുന്നു ക്ലാസ് എടുത്തിരുന്നത്. എല്ലാ വിഷയത്തിനും നിരന്തര മൂല്യനിര്‍ണയവും നടത്തി.
വിജയിച്ചവര്‍ ഭൂരിഭാഗവും തുടര്‍ പഠനത്തിനുള്ള തയാറെടുപ്പിലാണ്. വിജയിച്ചവര്‍ക്ക് പഞ്ചായത്തുകള്‍ പ്രാദേശിക തലത്തില്‍ വിജയോത്സവം സംഘടിപ്പിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മികച്ച ഗ്രേഡ് നേടി വിജയിച്ചവരെ ഉള്‍ക്കൊള്ളിച്ച് ജില്ലാതല വിജയോത്സവവും നടത്തും. വിജയികളെ ജില്ലാ സാക്ഷരത മിഷന് ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും സാക്ഷരത മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബുവും അഭിനന്ദിച്ചു.