മാതൃകയാണ്, കുഞ്ഞ് അരുണിന്റെ വലിയ മനസ്
1443530
Saturday, August 10, 2024 1:26 AM IST
ഉദിനൂർ: കുടുംബത്തിന്റെ സാമ്പത്തിക പരിമിതികളെ പരിഗണിക്കാതെ ദുരിതബാധിത വയനാടിന് വിദ്യാനിധിയിലെ മുഴുവൻ തുകയും ആശ്വാസ സഹായമായി നൽകി തടിയൻകൊവ്വൽ എഎൽപി സ്കൂളിലെ നാലാംക്ലാസുകാരൻ പി.അരുൺ.
വാടക വീട്ടിൽ താമസിക്കുന്ന അരുൺ രണ്ടു വർഷമായി സഹകരണ ബാങ്കിൽ സ്കൂളിലെ വിദ്യാനിധി എന്ന പേരിലുള്ള തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.
കണ്ണൂർ രൂപത കോർപറേറ്റ് ഏജൻസിക്ക് കീഴിലുള്ള ഉദിനൂർ തടിയൻകൊവ്വൽ എഎൽപിഎസിലെ നിരവധി വിദ്യാർഥികളാണ് ഇന്നലെ നടന്ന സ്കൂൾ അസംബ്ലിയിൽ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾ സ്വരൂപിച്ച തുകകൾ സംഭാവന ചെയ്തത്.
പടന്ന പഞ്ചായത്തംഗവും സിനിമാതാരവുമായ പി.പി.കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി. സ്കൂൾ പിടിഎ പ്രസിഡന്റ് പി.വി.ശ്രീജിത് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ.വിനു കയ്യാനിക്കൽ, മുഖ്യാധ്യാപിക വി.ലളിത, പി.വി.അനിൽ, സി.സുരേശൻ, കെ.വി.സരസ്വതി എന്നിവർ പ്രസംഗിച്ചു.