പാണത്തൂരിൽ പുലിയെ കണ്ടതായി യാത്രക്കാർ
1442646
Wednesday, August 7, 2024 1:57 AM IST
പാണത്തൂർ: പാണത്തൂർ പരിയാരം റൂട്ടിൽ കാര്യങ്ങാനം റോഡിനു സമീപം പുലിയെ കണ്ടതായി യാത്രക്കാർ. കഴിഞ്ഞദിവസം രാത്രി 11ഓടെ പാണത്തൂർ പരിയാരം പോകുന്ന വഴിയിൽ കാര്യങ്ങാനം റോഡ് ആരംഭിക്കുന്ന ഭാഗത്ത് റബർ തോട്ടത്തിൽ നിന്ന് പുലി റോഡിനപ്പുറത്തേക്ക് ചാടുന്നത് വാഹനത്തിൽ പോയ ആളുകൾ കണ്ടതായാണ് വിവരം. ചിറംകടവിലെ ഫോറസ്റ്റ് സ്റ്റേഷനിലാണ് വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് നിന്ന് പുലിയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.
എങ്കിലും പ്രദേശവാസികളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. നിരവധി ആളുകൾ യാത്ര ചെയ്യുന്ന പ്രദേശത്ത് പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ആശങ്കയിലാണ്.