മേൽപ്പാലമില്ല; നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത മാത്രം
1441952
Sunday, August 4, 2024 7:30 AM IST
നീലേശ്വരം: മാസങ്ങൾ നീണ്ട സമരപരിപാടികളും നഗരസഭാ അധികൃതരുടെ ഡൽഹി യാത്രയും വെറുതെയായി. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ദേശീയപാത അധികൃതർ മുഖവിലയ്ക്കെടുത്തില്ല.
മീറ്ററുകളോളം മണ്ണിട്ടുയർത്തി തന്നെയാകും ഇവിടെ ദേശീയപാതയുടെ നിർമാണം നടക്കുക. അതിനു താഴെ രാജാറോഡിനെയും കോട്ടപ്പുറം റോഡിനെയും ബന്ധിപ്പിക്കാൻ നാലു മീറ്റർ വീതിയുള്ള അടിപ്പാത മാത്രമാകും ഉണ്ടാകുക. ഇരുവശങ്ങളിലും അരികുഭിത്തി കെട്ടി മണ്ണിട്ടുയർത്തിയുള്ള ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ നീലേശ്വരം നഗരം അക്ഷരാർത്ഥത്തിൽ രണ്ടായി വിഭജിക്കപ്പെടും.
അടിപ്പാതയുടെ നിർമാണപ്രവൃത്തികൾക്ക് കഴിഞ്ഞദിവസം തുടക്കമായി. വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുഭാഗങ്ങളിലേക്കും കടന്നുപോകാനുള്ള വീതി പോലും ഇപ്പോൾ നിർമിക്കുന്ന അടിപ്പാതയ്ക്കുണ്ടാവില്ല. നഗരമേഖലയെന്ന നിലയിൽ ബസുകൾക്കുൾപ്പെടെ ഇരുഭാഗത്തേക്കും എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുന്ന വീതിയിൽ അടിപ്പാത പണിയണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
വിഷയവുമായി ബന്ധപ്പെട്ട് ഇനി എന്തുചെയ്യാനാകുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ റീജണൽ ഓഫീസറും പ്രൊജക്ട് ഡയറക്ടറുമായി ആലോചിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി നിതിൻ ഗഡ്കരിക്ക് കഴിഞ്ഞ ദിവസം വീണ്ടും നിവേദനം നല്കിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
അടിപ്പാതയുടെ വീതിയും ഉയരവുമെങ്കിലും വർധിപ്പിക്കുന്നില്ലെങ്കിൽ അത് വലിയ ദുരിതം സൃഷ്ടിക്കുമെന്ന് ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ പറഞ്ഞു.