നീലേശ്വരം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് ആദ്യ നിലയായി
1441950
Sunday, August 4, 2024 7:29 AM IST
നീലേശ്വരം: പുതുതായി നിർമിക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ആദ്യ നിലയുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. ഇനി രണ്ടു നിലകളാണ് പൂർത്തിയാകാനുള്ളത്. കെട്ടിടത്തിനു താഴെ വാഹന പാർക്കിംഗിനായുള്ള ഇടം നേരത്തേ പൂർത്തിയായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് നിർമാണം തുടങ്ങിയത്. രണ്ടു വർഷമാണ് നിർമാണ കാലാവധിയെങ്കിലും എല്ലാ ഘടകങ്ങളും അനുകൂലമായാൽ അതിനു മുമ്പേ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഡോയി മാക്കിലിന്റെ ഉടമസ്ഥതയിലുള്ള എസ്ഇഡിസി കൺസ്ട്രക്ഷൻസ് ആണ് കെട്ടിടനിർമാണത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്. കനത്ത മഴയ്ക്കിടയിലും നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
ആദ്യത്തെ രണ്ടു നിലകളിൽ കടമുറികളും മൂന്നാം നിലയിൽ ഓഫീസുകളുമാണ് ഉദ്ദേശിക്കുന്നത്. 16.15 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിൽ 14.53 കോടി കേരള അർബൻ ആന്റ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ വായ്പയാണ്. ശേഷിക്കുന്ന തുക നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് വിനിയോഗിക്കും.
പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിനൊപ്പം രാജാറോഡ് വികസന പദ്ധതിയും കച്ചേരിക്കടവ് പാലവും പൂർത്തിയാകുന്നതോടെ നീലേശ്വരം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.