മൊഗ്രാൽ പാലവും അപകടാവസ്ഥയിൽ
1441942
Sunday, August 4, 2024 7:29 AM IST
കാസർഗോഡ്: ജില്ലയിൽ ദേശീയപാതയുടെയും പുതിയ പാലങ്ങളുടെയും നിർമാണം പുരോഗമിക്കുന്നതിനിടയിൽ പഴയ പാലങ്ങളോരോന്നായി അപകടാവസ്ഥയിലാകുന്നു. നൂറുവർഷത്തോളം പഴക്കമുള്ള മൊഗ്രാൽ പാലമാണ് ഏറ്റവും ഒടുവിലായി അപകടാവസ്ഥയിലായത്.
പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുന്നതായി ഡ്രൈവർമാരും യാത്രക്കാരും പറയുന്നു. പാലത്തിന് മുകളിലുള്ള ടാറിംഗ് പാടേ ഇളകിയ നിലയിലാണ്. കോൺക്രീറ്റും അങ്ങിങ്ങ് ഇളകിയിട്ടുണ്ട്.
മഴക്കാലം ശക്തിപ്രാപിച്ചതോടെ ഇവിടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് വൻ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ ബലക്ഷയം അടിയന്തിരമായി പരിശോധിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. തൊട്ടടുത്തായി നിർമിക്കുന്ന പുതിയ പാലത്തിന്റെ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.