കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍
1441511
Saturday, August 3, 2024 1:06 AM IST
ചട്ടഞ്ചാല്‍: കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 800 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പടന്നക്കാട് ലക്ഷംവീട് കോളനി സ്വദേശിയും ഹൊസ്ദുര്‍ഗ് പുഞ്ചാവി സ്കൂള്‍ റോഡില്‍ താമസക്കാരനുമായ കെ.എം.അഷ്റഫിനെ (36) ആണ് മേല്‍പറമ്പ് എസ്ഐ വി.കെ.അനീഷും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെ കാസര്‍ഗോഡ് നിന്നും കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. ബസിന്റെ മുകളിലെ റാക്കില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ഉണങ്ങിയ പൂവും ഇലയും തണ്ടുമായുള്ള കഞ്ചാവ് കണ്ടെടുത്തത്.
നേരത്തെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ഈ ബസില്‍ ഒരാള്‍ പണം എണ്ണുന്നതായി കണ്ടെത്തി സംശയംതോന്നി ബസില്‍ കയറി പരിശോധിച്ചു. കാന്‍സര്‍ രോഗിയായ താന്‍ നാട്ടുകാരില്‍ നിന്ന് പിരിച്ച പണം എണ്ണിയതാണെന്ന് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി എസ്ഐയോട് പറഞ്ഞു. ഈ സമയം ബസിന്റെ പിറകിലെ സീറ്റില്‍ ഇരുന്ന് പരുങ്ങുന്നത് കണ്ട അഷ്റഫിനെ ചോദ്യം ചെയ്തതിന് ശേഷം ബാഗ് കണ്ടെത്തി. എന്നാല്‍ ബാഗ് തന്റേത് ആണെന്ന് ഇയാള്‍ സമ്മതിച്ചില്ല.
ബാഗ് തുറന്ന് നോക്കിയപ്പോള്‍ ഇയാളുടെ ഫോട്ടോ പതിച്ച ആധാര്‍ കാര്‍ഡും 630 രൂപയും കണ്ടെത്തിയതോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.