ഏതു നിമിഷവും തകരാം, താന്നിയടി-തടിയംവളപ്പ് റോഡ്
1441505
Saturday, August 3, 2024 1:06 AM IST
കാഞ്ഞിരടുക്കം: കനത്ത മഴയില്‍ താന്നിയടി-തടിയംവളപ്പ് പൊതുമരാമത്ത് റോഡ് ഇടിഞ്ഞുതുടങ്ങി. പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ റോഡ് ഏതുനിമിഷവും തകര്‍ന്നുവീഴാമെന്ന നിലയിലാണുള്ളത്. തോടിനോടു ചേര്‍ന്ന് സുരക്ഷാവേലി സ്ഥാപിച്ച ഭാഗമാണ് ഇടിഞ്ഞുതുടങ്ങിയത്. രണ്ടു ചെറുവാഹനങ്ങള്‍ക്കു പോലും കടന്നുപോകാനുള്ള വീതി ഈ റോഡിനില്ല.
കൂടാതെ കടംവളവുകളും തോടിനോട് ചേര്‍ന്നുള്ള കൊക്കകളും വലിയ അപകടഭീഷണിയുണ്ടാക്കുന്നു. പെരിയ-ഒടയംചാല്‍ റോഡിന്റെ താന്നിയടി മുതല്‍ തടിയംവളപ്പ് വരെയുള്ള 1.4 കിലോമീറ്റര്‍ വാഹനയാത്രക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
ഏറെ ഗതാഗതതിരക്കുള്ള റോഡ് കൂടിയാണിത്. ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, പരപ്പ, രാജപുരം, ഒടയംചാല്‍ ഭാഗത്തു നിന്നും കാസര്ഗോഡേയ്ക്കും മംഗളുരുവിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഉപയോഗിക്കുന്ന റോഡാണിത്. മലയോരത്തു നിന്നുള്ള ജനപ്രതിനിധികള്‍ അടക്കം കാസര്‍ഗോട്ടേക്ക് എത്തിച്ചേരാന്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
കാസര്‍ഗോഡ് ഭാഗത്തു നിന്നും റാണിപുരം ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകാനും ഈ റോഡിനെയാണ് ആള്ക്കാര് ആശ്രയിക്കുന്നത്. 20ഓളം ബസ് സര്‍വീസുകള്‍ ഇതുവഴിയുണ്ട്. നിരവധി സ്കൂള്‍ ബസുകളും സ്വകാര്യവാഹനങ്ങളും വേറെ. കാസര്‍ഗോട്ടു നിന്നും മലയോരത്തേയ്ക്ക് വാഹന ഷോറൂമുകളിലേക്ക് പോകുന്ന ട്രെയ്ലര് പോലുള്ള ലോറികളും പെട്ടെന്ന് എത്തിച്ചേരാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ടോറസ്, ടിപ്പര്‍ പോലുള്ള ഭാരവണ്ടികള്‍ വേറെയും.
ഇതൊക്കെ ഈ റോഡിന് താങ്ങാവുന്നതിലും അപ്പുറമാണ്. നിരവധി അപകടങ്ങള്‍ ഇതിനകം ഇവിടെ ഉണ്ടായിക്കഴിഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വന്‍ദുരന്തങ്ങള്‍ക്കു സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്കുന്നു.