അധികൃതർ കാണുന്നുണ്ടോ ഈ ദുരന്ത മുന്നറിയിപ്പ്..?
1441201
Friday, August 2, 2024 1:36 AM IST
വെള്ളരിക്കുണ്ട്: സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററോളം ഉയരത്തിലാണ് ബളാൽ മുത്തപ്പൻ മല. അവിടെ ഏതാണ്ട് ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കരിങ്കൽ ക്വാറിയിൽ കാലവർഷാരംഭം മുതൽ വെള്ളം നിറഞ്ഞുനില്ക്കുന്നു. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിനും ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾക്കും നേരെ മുകളിൽ അക്ഷരാർത്ഥത്തിൽ ഒരു ജലബോംബ് പോലെ. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇവിടെ സംഭരിക്കപ്പെട്ടിരിക്കുന്നത്. മഴയുടെ അളവ് കൂടുംതോറും ഈ വെള്ളത്തിന്റെ അളവും കൂടുന്നു.
മേഘവിസ്ഫോടനം പോലെ ഒരു കനത്ത മഴ പെയ്ത് ഇവിടെനിന്ന് വെള്ളം പൊട്ടിയൊഴുകിയാൽ ചുറ്റുപാടുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രവചനാതീതമായിരിക്കും. നൂറു കണക്കിന് ലോഡ് മണ്ണാണ് ക്വാറിക്ക് സമീപം കൂടി കിടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കർഷകർ തങ്ങളുടെ പറമ്പിൽ കുഴൽകിണർ നിർമിച്ചാൽ പോലും അതിൽ പരിസ്ഥിതി നാശവും നിയമലംഘനവും കാണുന്ന അധികൃതർ ഇതൊന്നും ഇതുവരെ കണ്ട ഭാവമില്ല. ഇവിടെനിന്ന് മണ്ണും വെള്ളവും കുത്തിയൊഴുകിയാൽ അത് ബളാൽ, വെള്ളരിക്കുണ്ട്, ഭീമനടി ടൗണുകൾ കടന്ന് ചൈത്രവാഹിനിപ്പുഴ ഒഴുകുന്ന വഴിയെല്ലാം കലക്കി മറിച്ചേക്കാം.
അതെല്ലാം തേജസ്വിനിപ്പുഴയിലെത്തി നീലേശ്വരവും ചെറുവത്തൂരും വരെ വെള്ളം കയറിയേക്കാം. വെള്ളരിക്കുണ്ട് താലൂക്കിലെ പലയിടങ്ങളിലും അപകട മുന്നറിയിപ്പ് നല്കുമ്പോഴും ഇത്രയും വലിയൊരു ദുരന്ത മുന്നറിയിപ്പ് തലയ്ക്കു മുകളിൽ നില്ക്കുന്നത് ഇതുവരെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.