കന്നുകാലികള്‍ക്ക് ഇത്തവണ രണ്ടു കുത്തിവയ്പ്
1440826
Wednesday, July 31, 2024 7:18 AM IST
കാസര്‍ഗോഡ്: ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നാളെ മുതല്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിനും ചര്‍മ മുഴ രോഗത്തിനുമെതിരായി സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ അഞ്ചാംഘട്ടവും ചര്‍മമുഴ പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടവും ഒന്നിച്ച് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 11 വരെ ജില്ലയില്‍ നടക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ വാക്സിനേഷന് സ്ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്സിനേഷന് നല്‍കും. നാലു മാസമോ അതിനു മുകളിലോ പ്രായമുള്ള കന്നുകുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കാം.
സമഗ്ര സംയോജിത പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പാല്‍പ്പൊലിമ കര്‍ഷക സമ്പര്‍ക്ക ബോധവത്കരണ പരിപാടിയും പഞ്ചായത്തുകളില്‍ നടക്കും.