ജിയോബാഗ് കടൽഭിത്തികളും തകരുന്നു; ജില്ലയിൽ ടെട്രാപോഡുകൾ സ്ഥാപിക്കണമെന്നാവശ്യം
1440450
Tuesday, July 30, 2024 2:02 AM IST
കാസർഗോഡ്: കടലേറ്റം തടയാനായി ജില്ലയുടെ തീരദേശത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ജിയോബാഗ് കടൽഭിത്തികളും തകരുന്നു. ജില്ലയിൽ ആദ്യമായി ഈ സംവിധാനം പരീക്ഷിച്ച ബേക്കൽ തൃക്കണ്ണാട് കടപ്പുറത്തെ ജിയോബാഗുകളിൽ ഒട്ടുമുക്കാലും കടലെടുത്തുകഴിഞ്ഞു. ഉദുമ ജന്മകടപ്പുറത്ത് 80 ലക്ഷം രൂപ മുടക്കി രണ്ടുവർഷം മുമ്പ് നിർമിച്ച ജിയോ ബാഗ് കടൽഭിത്തിയും തകർന്നു. മണൽ നിറച്ച ജിയോബാഗുകൾ തകരുമ്പോൾ അവശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിപ്രശ്നങ്ങൾക്കും ഇടയാക്കുന്നു.
കൊച്ചിയിലെ ചെല്ലാനത്തും മറ്റും പരീക്ഷിച്ച ടെട്രാപോഡ് സംവിധാനത്തിന് മാത്രമാണ് കടലേറ്റത്തെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ജില്ലയിൽ കടലേറ്റം ഏറ്റവും രൂക്ഷമായ കീഴൂർ മുതൽ തൃക്കണ്ണാട് വരെയുള്ള ഭാഗത്തും
കാസർഗോഡിന് സമീപം കാവുഗോളി, കുമ്പള പെർവാഡ്, മഞ്ചേശ്വരം കണ്വതീർഥ എന്നിവിടങ്ങളിലും ടെട്രാപോഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ ടെട്രാപോഡുകൾ സ്ഥാപിക്കാൻ വേണ്ടിവരുന്ന ഭീമമായ ചെലവാണ് അധികൃതരെ പിന്നോട്ടുവലിക്കുന്നത്. ഒരു മീറ്ററിൽ ടെട്രാപോഡ് അടുക്കാൻ രണ്ടര ലക്ഷം രൂപയാകുമെന്നാണ് ഏകദേശ കണക്ക്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നും ഫണ്ട് ഉപയോഗപ്പെടുത്തി കാവുഗോളി, പെർവാഡ്, കണ്വതീർഥ എന്നിവിടങ്ങളിലും നബാർഡിന്റെ സാമ്പത്തികസഹായത്തോടെ തൃക്കണ്ണാട്ടും ടെട്രാപോഡുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.