എന്‍ഡോസള്‍ഫാന്‍ ഫണ്ട് നിലച്ചു, ചികിത്സയും: ഒരുവര്‍ഷത്തിനിടെ മരിച്ചത് 12 കുട്ടികള്‍
1440166
Monday, July 29, 2024 2:15 AM IST
കാഞ്ഞങ്ങാട്: വിദഗ്ധ ചികിത്സയും മരുന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒരു വര്‍ഷത്തിനിടെ മാത്രം 12 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞദിവസം മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അശ്വതി, ഹരികൃഷ്ണന്, പ്രാര്‍ഥന എന്നീ കുട്ടികള്‍ മരിച്ചത്. വിദഗ്ധചികിത്സ ആവശ്യമുള്ളവരായിരുന്നു മൂന്നുപേരും. മുതിര്‍ന്നവരുടെ കണക്കുകൂടെയെടുത്താല് സ്ഥിതി ഗുരുതരമാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
ജില്ലാ ആശുപത്രിയില്‍നിന്ന് മംഗളൂരുവിലേക്കോ പരിയാരത്തേക്കോ ഇവരെ റഫര്‍ ചെയ്യും. ഇതിനിടെ ചികിത്സ ലഭിക്കാതെ, വന്‍തുക മുടക്കാനില്ലാതെ മാസങ്ങള്‍ തീരും. ഒടുവില്‍ മരണവും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സയും മരുന്നും വാഹനസൗകര്യവും സൗജന്യമായിരുന്നു. ജില്ലയില്‍ വിദഗ്ധചികിത്സാ സൗകര്യം ഇല്ലാത്തതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെയും കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിനെയുമാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.
തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറെയാണ്. എന്നാല്‍ ദേശീയാരോഗ്യ ദൗത്യം ഫണ്ട് നിലച്ചതോടെ ദുരിതബാധിതരുടെ സൗജന്യചികിത്സയും മരുന്നും വാഹനസൗകര്യവും നിലച്ചു. മംഗളൂരുവിലെ ജ്യോതി സര്‍ക്കിള്‍ കെഎംസി, യേനപ്പോയ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ദുരിതബാധിതര്‍ക്ക് സൗജന്യചികിത്സ ലഭിച്ചിരുന്നത്. കോടികള്‍ കുടിശികയായതോടെ ആശുപത്രികള്‍ സൗജന്യചികിത്സ നിര്‍ത്തി. ഇതാണ് മിക്ക രോഗികള്‍ക്കും തിരിച്ചടിയായത്.
മംഗളൂരുവില്‍ ചികിത്സകിട്ടാതെ വന്നതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മാത്രമായി രോഗികള്‍ക്ക് ആശ്രയം. എന്നാല്‍ ഇവിടെനിന്ന് രോഗികളെ മംഗളുരുവിലേക്ക് കൂടുതലായി റഫര്‍ ചെയ്യുകയാണെന്ന് ദുരിതബാധിതര്‍ പറയുന്നു. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ലക്ഷങ്ങള്‍ കുടിശിക വന്നതോടെ മരുന്നു നല്‍കുന്നത് അവരും നിര്‍ത്തി.
നേരത്തേതന്നെ വാഹന സൗകര്യം നിര്‍ത്തലാക്കിയിരുന്നു. പരിയാരത്തുനിന്നു മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും അശ്വതിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സ് സൗകര്യം കിട്ടാത്തതും അശ്വതിയുടെ കുടുംബത്തിന് തിരിച്ചടിയായി. സ്വകാര്യ ആംബുലന്‍സിലാണ് പിന്നീട് അശ്വതിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്. അതേസമയം മുന്‍വർഷത്തെ കുടിശിക ആശുപത്രികള്‍ക്ക് നല്‍കിത്തുടങ്ങിയെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. മുഴുവന്‍ തുകയും കിട്ടാതെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സയ്ക്ക് തയാറാകുമോയെന്ന കാര്യത്തില്‍ ഉറപ്പു പറയാനും ആരോഗ്യവകുപ്പിന് കഴിയുന്നില്ല.