മരം കടപുഴകി വീണപ്പോള്‍ ദൃശ്യമായത് മഹാശിലാസ്മാരകം
1440161
Monday, July 29, 2024 2:15 AM IST
കരിന്തളം: കാലവര്‍ഷത്തില്‍ വന്മരം കടപുഴകി വീണപ്പോള്‍ ദൃശ്യമായത് മഹാശിലാസ്മാരകം.കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് സ്വകാര്യവ്യക്തികളുടെ പറമ്പിലാണ് മഹാശില സംസ്കാര കാലഘട്ടത്തിലെ ചരിത്രശേഷിപ്പുകളായ രണ്ടു ചെങ്കല്ലറകള്‍ കണ്ടെത്തിയത്. വന്മരം കടപുഴകി വീണപ്പോള്‍ വൃക്ഷം നിന്നിടത്താണ് ഒരു ചെങ്കല്ലറ ദൃശ്യമായത്.
പ്രദേശവാസിയായ സി.കെ.ജയചന്ദ്രന്, പ്രാദേശിക പുരാവസ്തു നിരീക്ഷകന് സതീശന് കാളിയാനം എന്നിവര്‍ നടത്തിയ നിരീക്ഷണത്തില്‍ അടുത്തു തന്നെ മറ്റൊരു ഗുഹയും കണ്ടെത്തി. വിവരമറിഞ്ഞ് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്ര അധ്യാപകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലം സന്ദര്‍ശിച്ച് കണ്ടെത്തിയ ഗുഹകള്‍ മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു.
മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായി നിര്‍മിച്ചിരുന്ന ചെങ്കല്ലറകള്‍ ചെങ്കല്‍ പാറകള്‍ തുരന്നാണ് നിര്‍മിക്കുന്നത്. ഒരു ഭാഗത്ത് ചവിട്ടുപടികളോടുകൂടിയ ചെങ്കല്ലുകൊണ്ട് നിര്‍മിച്ച വാതില്‍ അടച്ചു വയ്ക്കാന്‍ പാകത്തില്‍ കൊത്ത് പണികളോടുകൂടിയ കവാടവും മധ്യഭാഗത്ത് ഒരടി വ്യാസത്തില്‍ ദ്വാരവും നിര്‍മിച്ച് ഉള്‍ഭാഗത്ത് വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള മണ്‍പാത്രങ്ങള്‍ നിക്ഷേപിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായിട്ടായിരിക്കാമെന്നാണ് അനുമാനിക്കുന്നത്.
രണ്ടു ചെങ്കല്ലറകളും മുന്‍പ് തുറക്കാത്തതുകൊണ്ട് തന്നെ ഉള്‍ഭാഗത്ത് മണ്ണിനടിയിലുള്ള മണ്‍പാത്രങ്ങളുടെ വക്കുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. രണ്ട് ചെങ്കല്ലറയുടെയും കവാടങ്ങളും ചെങ്കല്ലറയില്‍ ഇറങ്ങിച്ചെല്ലാനുള്ള പടികളും മണ്ണിനടിയിലാണുള്ളത്. ചെങ്കല്ലറകളില്‍ ഒന്നിന്റെ മുകള്‍ഭാഗത്തെ ദ്വാരം അടച്ചു വയ്ക്കുന്നതിനുള്ള കല്ലുകൊണ്ടുള്ള അടപ്പ് ഉണ്ട്. മുനിയറ, കല്പത്തായം, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ തുടങ്ങിയ വിവിധ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന നൂറിലധികം ചെങ്കല്ലറകള്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
1800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെ മഹാശിലാ സംസ്കാര കാലഘട്ടമെന്നത് കൊണ്ട് തന്നെ കണ്ടെത്തിയ ചെങ്കല്ലറകള്‍ക്ക് അത്രയും കാലപ്പഴക്കമുണ്ടാകാം.