നീലേശ്വരത്ത് 12 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി
1437405
Saturday, July 20, 2024 1:14 AM IST
നീലേശ്വരം: തേജസ്വിനി പുഴ കരകവിഞ്ഞതിനെതുടര്‍ന്ന് നീലേശ്വരത്ത് 12 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. പടതുരുത്തിയില് അഞ്ചു കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിതാമസിച്ചിട്ടുണ്ട്. ചാത്തമത്ത് ഏഴു കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചു. ചാത്തമത്ത് ഒരു കുടുംബത്തിലെ നാലുപേരെ ചാത്തമത്ത് ആലയില്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തേജസ്വിനിയുടെ തീരപ്രദേശമായ ചാത്തമത്ത്, പൊടോതുരുത്തി ഭാഗങ്ങളിലായി അമ്പതോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നു.
പൊടോതുരുത്തി കായക്കീല്‍ ഭഗവതീ ക്ഷേത്രത്തില്‍ വെള്ളം കയറി. ഏകദേശം അമ്പതോളം, തെങ്ങ്, കമുക്, വാഴ എന്നിവയില്‍ കൃഷി നാശം സംഭവിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം ജലനിരപ്പ് ഉയരാന്‍ തുടങ്ങിയെങ്കിലും രാത്രി 12 മണിയോടെ വെള്ളം താണു തുടങ്ങിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. കാര്യങ്കോട് ദേശീയ പാത വികസന പദ്ധതിയുടെ ഭാഗമായി പുതിയ പാലം പണിയുന്നതിന് വേണ്ടി പുഴയില്‍ മണ്ണിട്ട് ബണ്ട് ഉയര്‍ത്തിയതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്.
ഇട്ട മണ്ണ് ഭാഗികമായി മാത്രമേ എടുത്തു മാറ്റിയിട്ടുള്ളു എന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മേലെയുള്ള മണ്ണ് മാത്രമേ മാറ്റിയിട്ടുള്ളൂ. അടിഭാഗത്ത് ഉറച്ചു നില്ക്കുന്ന കല്ലും മണ്ണും മാറ്റാതിരിക്കുന്നിടത്തോളം പുഴയില്‍ ജലനിരപ്പ് മഴ കനക്കുമ്പോള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.