തോരാമഴ; തീരാദുരിതം
1437401
Saturday, July 20, 2024 1:14 AM IST
കാസര്‍ഗോഡ്: കനത്ത മഴയും കാറ്റും ജില്ലയില്‍ വ്യാപകമായി ദുരിതം വിതയ്ക്കുന്നു. ദിവസങ്ങളായി പെയ്യുന്ന മഴ തോരാത്തതിനാല്‍ ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതം രൂക്ഷമാണ്. ദേശീയ-സംസ്ഥാനപാതകളിലും മറ്റു റോഡുകളിലും വെള്ളം കെട്ടി നില്ക്കുന്നതിനാല് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ സര്‍വീസ് റോഡിലും മറ്റും ഏറെ നേരം വാഹനഗതാഗതം സ്തംഭിക്കുന്നു. ബദിയടുക്ക-സുള്ള്യപ്പദവ് അന്തര്‍ സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഏത്തടുക്കക്ക് സമീപം മണ്ണിടിഞ്ഞുവീണു. ഇതോടൊപ്പം മരങ്ങളും കടപുഴകി വീണു. ടൗണുകളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും വെള്ളം നിറഞ്ഞിട്ടുണ്ട്. ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
പുല്ലൂരിലും പരിസരങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഈ ഭാഗത്ത് 15ഓളം വീടുകളില്‍ വെള്ളം കയറി. ദേശീയപാതാ വികസനത്തിനിടെ പുല്ലൂര്‍ തോട്ടില്‍ തകര്‍ന്നുവീണ പാലത്തിന്റെ ഗര്‍ഡര്‍ പൂര്‍ണമായും നീക്കം ചെയ്യാത്തതിനാല്‍ തോട്ടിലെ വെള്ളം ഗതിമാറി ഒഴുകുകയാണ്. ഇതേ തുടര്‍ന്നാണ് 15 വീടുകളില്‍ വെള്ളം കയറിയത്. അട്ടക്കാട്ടെ കെ.ഗീത, എം.വി.പത്മനാഭന്, ഇ.വേണുഗോപാലന്‍, ഇ.ഭാസ്കരന്, മധുരമ്പാടിയിലെ കസ്തൂരി, ഇ.ജാനകി, കെ.കാര്‍ത്യായനി, മാധവി, കരിമ്പുവളപ്പില്‍ ബാലന്, ബേബി എന്നിവരടക്കമുള്ളവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഇ.വേണുഗോപാലന്റെ നൂറോളം നേന്ത്രവാഴകള്‍ വെള്ളം കയറി നശിച്ചു. ഭൂരിഭാഗം വീടുകളുടെയും കിണറുകളിലേക്ക് ചെളിവെള്ളം കുത്തിയൊലിച്ച് ഒഴുകി. പെരിയയില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന അടിപ്പാതക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് ദുരിതം വിതയ്ക്കുകയാണ്. സമീപത്തെ സി.പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള കളര്‍ പാര്‍ക്ക് എന്ന പെയിന്റ് കടയില്‍ വെള്ളം കയറി. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. കനത്ത മഴയില്‍ ഏഴാംമൈല്‍-എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡ് അപകടാവസ്ഥയിലാണുള്ളത്.