ദേശീയപാതയിലെ വെള്ളക്കെട്ടുകളും വലിയ കുഴികളും; അടിയന്തരനടപടിക്ക് നിര്‍ദേശം
1437126
Friday, July 19, 2024 1:48 AM IST
കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും വലിയ കുഴികളും രൂപപ്പെടുന്ന സാഹചര്യത്തില്‍ അപകടമൊഴിവാക്കാനുള്ള ശക്തമായ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന എംപി, എംഎല്‍എമാരുടെ യോഗം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ക്കും നിര്‍ദേശം നല്കി.
അപകടസാധ്യതയുള്ള മേഖലയില്‍ സ്ഥിരം സുരക്ഷാസംവിധാനം ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ദുരന്തനിവാരണത്തിന് ജില്ലാ ഭരണസംവിധാനത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ദേശീയപാത നിര്‍മാണം നടക്കുന്ന മേഖലയില്‍ ജനങ്ങളുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസമുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
കാഞ്ഞങ്ങാട്, ഐങ്ങോത്ത്, പടന്നക്കാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും എംപി നിര്‍ദേശിച്ചു. ചട്ടഞ്ചാല്‍ ജംഗ്ഷനിലേക്ക് മേല്‍പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പൊയിനാച്ചിയിലേക്ക് കടന്നുപോകുന്നതിന് സംവിധാനം ഒരുക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്ത് ദേശീയപാത നിര്‍മാണം മൂലം ഗതാഗതം തടസപ്പെടുന്ന പ്രദേശവാസികള്‍ക്ക് നടന്നുപോകാന്‍ സാധ്യമാകുന്ന അടിപ്പാത ഒരുക്കണമെന്ന് എ.കെ.എം.അഷറഫ് എംഎല്‍എ ആവശ്യപ്പെട്ടു.
നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ നിന്നുള്ള വെള്ളം സര്‍വീസ് റോഡിലേക്ക് വീണ് കുഴികള്‍ രൂപപ്പെടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
മാവുങ്കാല്‍ ജംഗ്ഷന്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് സൗത്ത്, ചെമ്മട്ടംവയല്‍, പടന്നക്കാട് റെയില്‍വേ മേല്‍പാലം, പടന്നക്കാട് കാര്‍ഷിക കോളജിന് മുന്‍വശം തുടങ്ങിയ പ്രദേശങ്ങളില്‍ ദേശീയപാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എയുടെ പ്രതിനിധി കെ.പത്മനാഭന് പറഞ്ഞു. വെള്ളക്കെട്ടുകള്‍, അപകടകുഴികള്‍ എന്നിവ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗംപ്രൊജക്റ്റ് ഡയറക്ടര്‍ പുനിത്കുമാര്‍ പറഞ്ഞു.
ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ എന്‍എച്ച്) സുനില്‍ മാത്യു, നിര്‍മാണ കരാര്‍ കമ്പനികളുടെ ലെയ്സണ്‍ ഓഫീസര്‍മാരായ സേതുമാധവന് നായര്‍, നളിനാക്ഷന്, നിര്‍മാണ കമ്പനി പ്രതിനിധികളായ ബി.എസ്.റെഡ്ഡി, സി.എച്ച്.ശ്രീരാമൂര്ത്തി എന്നിവര്‍ സംബന്ധിച്ചു.