എണ്ണപ്പാറ-മുക്കുഴി റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയിൽ
1437124
Friday, July 19, 2024 1:48 AM IST
എണ്ണപ്പാറ: എണ്ണപ്പാറ-മുക്കുഴി റോഡിലെ നെടുകരയിൽ വീതികുറഞ്ഞ റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയിലായി. താഴെ ആഴമേറിയ ചരിവായതിനാൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. സബ് കളക്ടർ സൂഫിയാൻ അഹമ്മദ് സ്ഥലം സന്ദർശിച്ചു.
കുന്നിടിച്ച ഭാഗത്തിനും ആഴമേറിയ ചരിവിനുമിടയിൽ കിടക്കുന്ന റോഡിൽ സുരക്ഷാവേലി പോലുമില്ലാത്തത് അപകടസാധ്യതയൊരുക്കുന്നതായി കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡിൽ ഏഴാംമൈൽ മുതൽ മുക്കുഴി വരെയും എണ്ണപ്പാറ മുതൽ തായന്നൂർ വരെയും വീതികൂട്ടി നവീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ വാഹനങ്ങളുടെ എണ്ണവും വേഗതയും കൂടി. എന്നാൽ എണ്ണപ്പാറയ്ക്കും മുക്കുഴിക്കുമിടയിലുള്ള ഭാഗം മാത്രം പഴയപടി അവശേഷിക്കുകയാണ്. വലിയ വാഹനങ്ങൾ ഒരേസമയം രണ്ടു ദിശകളിലേക്കും വന്നാൽ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇവിടെയുണ്ടായിരുന്നത്.
ചരിവിനോടുചേർന്ന വശം ഇടിഞ്ഞതോടെ ഇനി ഗതാഗതം മറുവശത്തുകൂടി മാത്രം തിരിച്ചുവിടേണ്ട അവസ്ഥയാണ്.