നീലേശ്വരം പുഴ ഗതിമാറിയൊഴുകിയത് പാലം നിർമാണത്തിനായി മണ്ണിട്ടതുമൂലം
1436925
Thursday, July 18, 2024 2:27 AM IST
നീലേശ്വരം: മാട്ടുമ്മൽ-കടിഞ്ഞിമൂല പാലത്തിന്റെ നിർമാണത്തിനായി പുഴയിലിട്ട മണ്ണ് യഥാസമയം നീക്കാതിരുന്നതാണ് നീലേശ്വരം പുഴ ഗതിമാറിയൊഴുകി കടിഞ്ഞിമൂല ഭാഗത്ത് വ്യാപകമായി കരയിടിച്ചിലുണ്ടാകാൻ വഴിയൊരുക്കിയതെന്ന് സൂചന. ഇന്നലെ രാവിലെ സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, തഹസിൽദാർ എം.മായ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരെത്തിയതിനു പിന്നാലെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്യുകയായിരുന്നു.
പാലം നിർമാണം പൂർത്തിയായിട്ടും പുഴയിലെ മണ്ണ് മാറ്റാത്ത കാര്യം നാട്ടുകാർ പലതവണ കരാറുകാരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നാൽ ഇരുവശങ്ങളിലും കരയോടു ചേർന്നുള്ള ഭാഗത്തെ മണ്ണ് മാത്രം നീക്കി കരാറുകാരൻ തടിതപ്പുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ മധ്യഭാഗത്ത് ബണ്ട് കെട്ടിയതുപോലെ ഉറപ്പിച്ച മണ്ണ് അതേപടി കിടക്കുകയായിരുന്നു. ഇതുമൂലം ഒഴുക്ക് തടസപ്പെട്ടതോടെയാണ് പുഴ നേരത്തേയുണ്ടായ സ്ഥലത്തുനിന്നും മുപ്പതു മീറ്ററോളം ഗതി മാറി ഒഴുകിയത്.
ഇതോടെ കടിഞ്ഞിമൂലയിലെ മാമുനി ചന്തൻ, മൂട്ടിൽ ദേവകി, മുങ്ങത്ത് ബീന, അദ്രി ഹാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള അരയേക്കറോളം ഭൂമിയാണ് പുഴയെടുത്തത്. മാട്ടുമ്മൽ നടപ്പാലവും അപകടാവസ്ഥയിലായി. ഭൂമി നഷ്ടമായവർക്ക് നഷ്ടപരിഹാരം നല്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.