കർണാടകയിലെ ഷിരൂർ കാസർഗോഡിന് പാഠമാകുമോ?
1436922
Thursday, July 18, 2024 2:27 AM IST
കാസർഗോഡ്: കഴിഞ്ഞദിവസം ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിൽ ദേശീയപാതയിലേക്ക് മലയിടിഞ്ഞുവീണ് നിരവധി ആളുകളും കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായതിന്റെ വാർത്തകൾ കാണുമ്പോൾ ജില്ലയിൽ മിക്കവരുടെയും മനസിലെത്തിയത് ചട്ടഞ്ചാൽ തെക്കിൽ വളവിലെയും ചെറുവത്തൂർ വീരമലക്കുന്നിലെയും കാഴ്ചകളാണ്. ദേശീയപാത നിർമാണത്തിനായി അനിയന്ത്രിതമായി മലയിടിച്ചതും മണ്ണെടുത്തതുമാണ് ഷിരൂരിൽ മലയുടെ ഒരു ഭാഗം അപ്പാടേ ദേശീയപാതയിലേക്ക് ഇടിഞ്ഞുവീഴാൻ ഇടയാക്കിയതെന്ന് നാട്ടുകാരും ഭൗമശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏതാണ്ട് ഇതേ രീതിയിലാണ് ജില്ലയിലെ തെക്കിലും വീരമലക്കുന്നും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മണ്ണെടുത്തിട്ടുള്ളത്.
ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിലെ തെക്കിൽ വളവിൽ മലയിടിച്ച ഭാഗത്തെ നീരുറവകൾ പോലും അടച്ച് കോൺക്രീറ്റ് ചെയ്താണ് ദേശീയപാതയുടെ നിർമാണം നടത്തുന്നത്. എന്നാൽ ഇത്തവണ മഴക്കാലത്തിന്റെ തുടക്കത്തിൽതന്നെ കുന്നിന്റെ ഉള്ളിൽ സംഭരിക്കപ്പെട്ട വെള്ളത്തിന്റെ സമ്മർദം മൂലം മണ്ണും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളുമെല്ലാം ഇടിഞ്ഞുവീണ് വെള്ളം പുറത്തേക്ക് കുത്തിയൊഴുകിയിരുന്നു.
ദേശീയപാതയുടെ നിർമാണത്തിന് ഒട്ടേറെ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കാലത്ത് യാത്രക്കാർക്ക് ദൃശ്യഭംഗി സമ്മാനിക്കുന്ന വിധത്തിൽ വെള്ളച്ചാട്ടങ്ങൾ നിലനിർത്താൻ വഴികളുണ്ടായിട്ടും അവ കോൺക്രീറ്റ് ചെയ്ത് കെട്ടിയടക്കാനുള്ള നീക്കം നേരത്തേ നാട്ടുകാരുടെ എതിർപ്പിനിടയാക്കിയിരുന്നു. എന്നാൽ വെള്ളച്ചാട്ടങ്ങൾ നിലനിർത്തണമെങ്കിൽ വലിയ ചെലവ് വരുമെന്ന നിലപാടാണ് ദേശീയപാത അധികൃതരും കരാറുകാരും സ്വീകരിച്ചത്.
തെക്കിലും വീരമലക്കുന്നിലുമുൾപ്പെടെ പുതിയ പാതയുടെ നിർമാണത്തിനായി മലയിടിച്ച ഭാഗങ്ങളിലെല്ലാം സോയിൽ നെയിലിംഗ് നടത്തി കോൺക്രീറ്റ് ചെയ്ത് അടക്കുകയാണ് ചെയ്യുന്നത്.
മലയിടിച്ച ഭാഗങ്ങളിൽ കമ്പിവലയിട്ട് അവിടവിടെയായി കുന്നിന്റെ ഉള്ളിലേക്ക് കൂറ്റൻ ബോൾട്ടുകളിട്ട് മുറുക്കി പുറത്ത് കോൺക്രീറ്റ് ചെയ്യുന്നതാണ് സോയിൽ നെയിലിംഗ് സംവിധാനം.
എന്നാൽ തെക്കിലിൽ ഇങ്ങനെ ചെയ്തിട്ടും മലയിടിഞ്ഞു വീഴുകയായിരുന്നു. ബോൾട്ടുകളും കോൺക്രീറ്റും പൂർണമായി ഉറയ്ക്കുന്നതിനു മുമ്പേ മഴ പെയ്തതാണ് ഇതിനു കാരണമെന്നായിരുന്നു നിർമാണ കരാറുകാരുടെ വിശദീകരണം.
വളരെ മൃദുലമായ മണ്ണും കളിമണ്ണുമൊക്കെയാണ് ജില്ലയിലെ കുന്നുകളിലുള്ളത്. അനിയന്ത്രിതമായ മണ്ണെടുപ്പ് മൂലം മലയുടെ സന്തുലിതാവസ്ഥ മാറിമറിഞ്ഞാൽ മഴക്കാലത്ത് ഉരുൾപൊട്ടലിനുള്ള സാധ്യത പതിന്മടങ്ങാണ്. ഇതാണ് ഷിരൂരിൽ സംഭവിച്ചത്. ഇതിനെ തടഞ്ഞുനിർത്താൻ സോയിൽ നെയിലിംഗ് സംവിധാനം കൊണ്ട് സാധിക്കില്ലെന്ന് ഇത്തവണ തന്നെ വ്യക്തമായതാണ്.
പ്രകൃതിയുടെ കൂറ്റൻ ജലസംഭരണികളായി പ്രവർത്തിക്കുന്ന കുന്നുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകാനുള്ള വഴികളെല്ലാം കോൺക്രീറ്റ് ചെയ്ത് കെട്ടിയടച്ചാൽ അകത്തുനിന്നുള്ള വെള്ളത്തിന്റെ സമ്മർദം മൂലം വൻതോതിലുള്ള മലയിടിച്ചിലിനും ഉരുൾപൊട്ടലിനും അത് വഴിയൊരുക്കിയേക്കാം.
രണ്ടിടങ്ങളിലും ദേശീയപാതയോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങൾ ജനവാസകേന്ദ്രങ്ങളാണെന്നത് ദുരന്തസാധ്യതയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
മലയോരങ്ങളിൽ കർഷകരും സാധാരണക്കാരും നടത്തുന്ന ചെറിയ നിർമാണപ്രവർത്തനങ്ങളെ പോലും ഉരുൾപൊട്ടൽ സാധ്യതയുടെ പേരുപറഞ്ഞ് തടയുന്ന സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ദേശീയപാതയോരത്ത് അനിയന്ത്രതമായി മലയിടിച്ചും മണ്ണെടുത്തും നീരുറവകളെ കോൺക്രീറ്റ് ചെയ്ത് അടച്ചും ഉരുൾപൊട്ടലിന് വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഷിരൂരിലെ അനുഭവം സർക്കാരിനും ദേശീയപാതാ വിഭാഗത്തിനും കരാറുകാർക്കും പാഠമാകണമെന്ന് അവർ പറയുന്നു. അനിയന്ത്രിതമായി മലയിടിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മലയിടിച്ച ഭാഗങ്ങളിൽ തത്കാലം ചെലവ് കുറയ്ക്കാനുള്ള പൊടിക്കൈകൾക്കു പകരം കൂടുതൽ ശാസ്ത്രീയവും ഉറപ്പുള്ളതുമായ സംവിധാനങ്ങൾ തന്നെ ഉപയോഗിക്കണമെന്നുമാണ് ആവശ്യം.