സണ്ണിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം
1436613
Wednesday, July 17, 2024 12:30 AM IST
ചിറ്റാരിക്കാൽ: തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകൻ സണ്ണി വേളൂരിന്റെ കുടുംബത്തിന് സർക്കാർ അടിയന്തരസഹായം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും എകെസിസി തോമാപുരം മേഖല സമിതി യോഗം ആവശ്യപ്പെട്ടു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണം. വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം കാടിനോടു ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മേഖല ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത സമിതി ജനറൽ സെക്രട്ടറിമാരായ ഷിജിത്ത് കുഴുവേലിൽ, ജോയി ജോസഫ് കൊച്ചുകുന്നത്ത് പറമ്പിൽ, എക്സിക്യൂട്ടീവ് അഗം ആന്റോ തെരുവംകുന്നേൽ, റിജേഷ് പാലമറ്റത്തിൽ, ബെന്നി ഇലവുങ്കൽ, മോളി മഞ്ഞക്കുന്നേൽ, സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: തയ്യേനിയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകൻ സണ്ണി വെള്ളുരിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, സംസ്ഥാന ജനറൽ സെക്രട്ടറി സോജൻ കുന്നേൽ എന്നിവർ ആവശ്യപ്പെട്ടു.
മലയോര കർഷകന്റെ ദുരവസ്ഥയിൽ വനം, റവന്യു, കൃഷി വകുപ്പുകൾ ഒരിടപെടലും നടത്താത്തത് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും നേതാക്കൾ പറഞ്ഞു.