കെഎസ്ഇബിയുടെ ഡാറ്റാ കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ
1436523
Tuesday, July 16, 2024 1:48 AM IST
നീലേശ്വരം: ആരെങ്കിലും ഉടക്കിയാൽ അവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്നു പറഞ്ഞ് കോഴിക്കോട് തിരുവമ്പാടിയിൽ അത് നടപ്പാക്കിയ കെഎസ്ഇബിക്ക് അതേ നാണയത്തിൽ എട്ടിന്റെ പണികൊടുത്ത് നീലേശ്വരത്തെ ബിഎസ്എൻഎൽ അധികൃതർ.
വാടക അടച്ചില്ലെന്നുപറഞ്ഞ് വൈദ്യുതത്തൂണുകളിലെ ബിഎസ്എൻഎൽ കേബിളുകൾ കെഎസ്ഇബി അധികൃതർ അഴിച്ചുമാറ്റിയതിനു പിന്നാലെ നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫീസിലെ ഫോണും ഇന്റർനെറ്റുമടക്കമുള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു.
വൈദ്യുതി കണക്ഷനായാലും ഫോൺ കണക്ഷനായാലും കൃത്യമായി ബില്ലടച്ചിട്ടുള്ളതും മറ്റു ക്രമക്കേടുകളൊന്നും നടത്താത്തതുമായവ വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്.
അതുകൊണ്ടുതന്നെ കെഎസ്ഇബി അധികൃതർ പരാതിയുമായി എത്തിയതിനു പിന്നാലെ ഫോണും ഇന്റർനെറ്റും പുനഃസ്ഥാപിച്ച് ബിഎസ്എൻഎൽ അധികൃതർ തടിയൂരി.
വൈദ്യുതത്തൂണുകളിലൂടെ ബിഎസ്എൻഎൽ കേബിളുകൾ വലിച്ചതിന്റെ വാടകയിനത്തിൽ എട്ടുലക്ഷത്തോളം രൂപയാണ് കെഎസ്ഇബിയിൽ അടക്കാനുണ്ടായിരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ ബിഎസ്എൻഎലിന് കത്തുനല്കിയിട്ടും പണമടച്ചില്ല. തുടർന്ന് കഴിഞ്ഞദിവസം കെഎസ്ഇബി അധികൃതർ നീലേശ്വരം നഗരസഭാ പരിധിയിലെ വൈദ്യുതത്തൂണുകളിലെ ബിഎസ്എൻഎൽ കേബിളുകൾ അഴിച്ചുമാറ്റുകയായിരുന്നു.
ഇതിനു പിന്നാലെ സെക്ഷൻ ഓഫീസിലെത്തിയ ജീവനക്കാർക്ക് കാണാൻ കഴിഞ്ഞത് ഓഫീസിലെ ഫോണും ഇന്റർനെറ്റും വിച്ഛേദിക്കപ്പെട്ടു കിടക്കുന്നതാണ്.
വൈദ്യുതി ബില്ലുകൾ സ്വീകരിക്കുന്നതു പോലും ഇപ്പോൾ ഓൺലൈനിലായതിനാൽ ഓഫീസിന്റെ പ്രവർത്തനങ്ങളെല്ലാം നിലച്ചു.
നീലേശ്വരത്തെ ബിഎസ്എൻഎൽ അധികൃതരുമായി പലതവണ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വൈദ്യുതബന്ധം തകരാറിലായാൽ മണിക്കൂറുകളോളം കെഎസ്ഇബിക്കാരെ കാത്തിരിക്കുന്ന ഉപഭോക്താക്കളുടെ അതേ അവസ്ഥയിൽ കെഎസ്ഇബിക്കാരും കാത്തിരുന്നു.
അവസാനം സഹികെട്ടപ്പോൾ ബിഎസ്എൻഎലിന്റെ കണ്ണൂർ മേഖലാ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നീലേശ്വരത്തുനിന്ന് ജീവനക്കാരെത്തി ഫോൺ ബന്ധവും ഇന്റർനെറ്റും പുനഃസ്ഥാപിച്ചത്.
കെഎസ്ഇബി ജീവനക്കാർ കേബിളുകൾ അഴിച്ചുമാറ്റിയപ്പോഴാണ് അവരുടെ സ്വന്തം ഓഫീസിലേക്കുള്ള കണക്ഷനും തകരാറിലായതെന്നാണ് ഇപ്പോൾ ബിഎസ്എൻഎൽ അധികൃതരുടെ വിശദീകരണം.