വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കളില്‍നിന്ന് എംഡിഎംഎ പിടികൂടി
1436521
Tuesday, July 16, 2024 1:48 AM IST
കാസര്‍ഗോഡ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു യുവാക്കളില്‍നിന്ന് എംഡിഎംഎ മയക്കുമരുന്ന് പിടികൂടി.
കാസര്‍ഗോഡ് ടൗണ്‍ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്കള റഹ്മത്ത് നഗര്‍ മണിയടുക്കയിലെ സി.സെഡ്.നുമാന് (23), എറണാകുളം കോതമംഗലത്തെ ജോയല്‍ ജോസഫ് (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കാസര്‍ഗോഡ് ചൗക്കിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്ക് ശേഷം ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ജനറല്‍ ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വെച്ച് പോലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് നുമാന്റെ കൈവശം 1.18 ഗ്രാം എംഡിഎംഎയും ജോയലിന്റെ കൈവശം 0.73 ഗ്രാം എംഡിഎംഎയും കണ്ടെത്തിയത്.
വില്പനക്കും ഉപയോഗത്തിനുമായാണ് ഇവ കൊണ്ടുനടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.