ഇരുട്ടിൽ തപ്പി അധികൃതർ; ബേക്കല്‍ ബീച്ച് കാണണമെങ്കില്‍ ടോര്‍ച്ചുകൂടി കരുതണം!
1436087
Sunday, July 14, 2024 7:38 AM IST
ബേക്കല്‍: അവധിദിവസത്തെ സായാഹ്നം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കുടുംബത്തോടൊപ്പം ആസ്വദിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ കൈയിലൊരു ടോര്ച്ചുംകൂടി കരുതുന്നത് നന്നായിരിക്കും. ഇവിടുത്തെ സന്ദര്‍ശകസമയം അടുത്തിടെ രാത്രി ഒമ്പതു വരെയായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് മുതല്‍ കോട്ടക്കുന്ന് ബസ് സ്റ്റോപ്പ് വരെ തെരുവ് വിളക്കില്ല.
അതിനാല്‍ നേരം ഇരുട്ടുന്നതിനുമുമ്പുതന്നെ വീട്ടിലെത്താനുള്ള തത്രപ്പാടിലാണ് സഞ്ചാരികള്‍. റെയില്‍വേ മേല്‍പാലത്തിനടുത്ത് ബിആര്‍ഡിസി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് കത്താതെ മാസങ്ങളായി.
ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് നന്നാക്കാനോ തെരുവ് വിളക്ക് സ്ഥാപിക്കാനോ ബേക്കലിന്റെ ടൂറിസം വികസനത്തിനായി രൂപീകരിച്ച ബിആര്‍ഡിസിയില്‍ നിന്നും നടപടിയില്ല. പള്ളിക്കര പഞ്ചായത്തില്‍പെടുന്ന ഈ ഭാഗത്ത് പഞ്ചായത്തിന്റെ ഒരു തെരുവ് വിളക്ക് പോലുമില്ല. സര്‍ക്കാരിന്റെ നിലാവ് പദ്ധതിയില്‍പെടുത്തി തെരുവ് വിളക്ക് കത്തിക്കാന്‍ പഞ്ചായത്തിനും താല്പര്യമില്ല.
ബേക്കല്‍ ബീച്ച് മുതല്‍ റെയില്‍വേ മേല്‍പാലം വരെ ബിആര്‍ഡിസി മുന്‍കൈയെടുത്ത് സ്ഥാപിച്ച ലൈറ്റുകള്‍ ബീച്ച് പാര്‍ക്കിലെ പുതിയ ട്രാന്‍സ്ഫോര്‍മര്‍ കണക്ഷന് നല്‍കുന്നതോടെ കത്തി തുടങ്ങും. ബേക്കല്‍ റെയില്‍വേ മേല്‍പാലം മുതല്‍ തെരുവ് വിളക്ക് ആരു സ്ഥാപിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
കള്ളാറിൽ ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് ആറുമാസം
രാജപുരം: കള്ളാർ ടൗണിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് ആറുമാസം. ഇതുസംബന്ധിച്ച് നിരവധി തവണ നാട്ടുകാർ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.

ലൈറ്റിന്റെ അറ്റകുറ്റപണികളുടെ കരാർ ഏറ്റെടുത്ത കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. എന്നാൽ ഇത്രയും നാളായിട്ടും അറ്റകുറ്റപണികൾക്കായി ആരുമെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി ലൈറ്റ് കത്തിക്കാനും സമരം ചെയ്യേണ്ടിവരുമോയെന്ന സംശയത്തിലാണ് നാട്ടുകാർ.
ഈ ചെളിക്കുളം എങ്ങനെ ചാടിക്കടക്കും?
രാജപുരം: രാജപുരം പോസ്റ്റ് ഓഫീസിലെത്തണമെങ്കിൽ ചെളിക്കുളം ചാടിക്കടക്കേണ്ട അവസ്ഥയായി. സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി കുഴിയെടുത്തത് പൂർണമായും മൂടാതിരുന്നതാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കിയത്.

ഇക്കാര്യം നേരത്തേതന്നെ അധികൃതരുടെയും പഞ്ചായത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി പോസ്റ്റ് ഓഫീസ് അധികൃതർ പറഞ്ഞു. പോസ്റ്റ് ഓഫീസിലെത്തുന്നവരുടെ വാഹനങ്ങളും ഈ ചെളിവെള്ളത്തിനു നടുവിൽ തന്നെ നിർത്തിയിടേണ്ട അവസ്ഥയാണ്.
അപകടഭീഷണി ഉയര്‍ത്തി ട്രാന്‍സ്ഫോര്‍മർ
രാജപുരം: കള്ളാര്‍ ടൗണില്‍ ഓട്ടോസ്റ്റാൻഡിനോട് ചേര്‍ന്നുള്ള ട്രാന്‍സ്ഫോര്‍മറിന് സുരക്ഷാവേലികളില്ലാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. ഓട്ടോ ഡ്രൈവർമാരും യാത്രക്കാരുമെല്ലാം ഈ ട്രാന്‍സ്ഫോര്‍മറിനെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്.
മഴക്കാലത്ത് ഏതെങ്കിലും ഭാഗത്ത് ചെറിയ ലീക്കേജ് ഉണ്ടായാൽ പോലും അപകടങ്ങൾ ഉണ്ടാകാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതിനു കാത്തുനില്‍ക്കാതെ എത്രയും വേഗം സംരക്ഷണ വേലി കെട്ടാന്‍ കെഎസ്ഇബി അധികൃതര്‍ തയാറാകണമെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.