മോദിയുടെ സാമ്പത്തികനയം പിണറായി കണ്ടുപഠിക്കണം: ജോർജ് കുര്യൻ
1436083
Sunday, July 14, 2024 7:38 AM IST
കാസര്‍ഗോഡ്: എന്നും കടത്തിനെ കുറിച്ചുമാത്രം സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയുടെ സാമ്പത്തികനയം കണ്ട് പഠിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടമാണ് തങ്ങളുടെ മൂലധനമെന്ന് പറയുന്ന സര്‍ക്കാരിന് സുസ്ഥിരമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. സാമ്പത്തിക കാര്യത്തില്‍ കേരളത്തിന് പ്ലാന്‍ എയും ബിയും വരുന്നത് എങ്ങനെയാണെന്നും ഇടയ്ക്ക് വെച്ച് മാറാന്‍ പറ്റുന്ന ഫുട്ബോള്‍ കളിയാണോ ഇതെന്നും ജോർജ് കുര്യൻ ചോദിച്ചു.
സുസ്ഥിരമായ സാമ്പത്തിക നയം നടപ്പിലാക്കിയതുകൊണ്ടാണ് ആഗോളതലത്തിൽ ഭാരതം പതിനൊന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. അവിടെ നിന്നും ഇനി മൂന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചിന്തിക്കാവുന്നതിനപ്പുറത്തേക്ക് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ് അധ്യക്ഷനായി. ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ പി.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എ.പ്രകാശ്, പി.ആര്യ, ടി.ദേവാനന്ദന്, അനിത രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ജോ.സെക്രട്ടറി എം.എസ്.ഹരികുമാര്‍ സംഘടന ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
സുഹൃദ് സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ബി.മനു, ടി.അനൂപ് കുമാര്‍, എം.കെ.സദാനന്ദന്, ബി.എസ്.ഭദ്രകുമാര്‍, അനൂപ് ശങ്കരന്‍പിള്ള, മീരാഭായി, സി.വിജയന്, എ.ഇ.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബിഎംഎസ് സംഘടന സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം ചെയ്തു.